സച്ചിനും കൊഹ്‍ലിയും തമ്മിലുള്ള അഞ്ച് സാമ്യങ്ങള്‍

Update: 2018-06-04 09:09 GMT
സച്ചിനും കൊഹ്‍ലിയും തമ്മിലുള്ള അഞ്ച് സാമ്യങ്ങള്‍
Advertising

ഒരു താരമെന്ന നിലയില്‍ ഇനിയും ബഹുദൂരം കൊഹ്‍ലിക്ക് സഞ്ചരിക്കാനുണ്ടെങ്കിലും ഇതുവരെയുള്ള കരിയറില്‍ സച്ചിനോട് തോളുരുമ്മി നില്‍ക്കുന്ന നിരവധി ഘടകങ്ങള്‍ കൊഹ്‍ലിയിലുണ്ട്. ഇരു താരങ്ങളും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളി നിര്‍ത്തിയപ്പോള്‍ തെല്ലൊന്നുമല്ല ഇന്ത്യന്‍ ആരാധകര്‍ സങ്കടപ്പെട്ടത്. സച്ചിനപ്പോലെയൊരു പ്രതിഭ ഇനിയെന്നുണ്ടാകുമെന്ന ആശങ്കയായിരുന്നു ആ ദുഖത്തിന്‍റെ കാതല്‍. ആരാധകരുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച് വിരാട് കൊഹ്‍ലി കളം നിറഞ്ഞാടാന്‍ തുടങ്ങിയത് ഇതിനുശേഷമാണ്. ഇതോടെ സച്ചിനെയും കൊഹ്‍ലിയെയും താരതമ്യം ചെയ്തുള്ള നിരീക്ഷണങ്ങളുടെ പ്രവാഹമായി. ഒരു താരമെന്ന നിലയില്‍ ഇനിയും ബഹുദൂരം കൊഹ്‍ലിക്ക് സഞ്ചരിക്കാനുണ്ടെങ്കിലും ഇതുവരെയുള്ള കരിയറില്‍ സച്ചിനോട് തോളുരുമ്മി നില്‍ക്കുന്ന നിരവധി ഘടകങ്ങള്‍ കൊഹ്‍ലിയിലുണ്ട്. ഇരു താരങ്ങളും തമ്മിലുള്ള അഞ്ച് സാമ്യങ്ങള്‍ പരിശോധിക്കാം.

1 ചെറുപ്രായത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം

നന്നേ ചെറുപ്രായത്തിലാണ് സച്ചിനും കൊഹ്‍ലിയും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 1989ല്‍ പാകിസ്താനെതിരായ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സച്ചിന് പ്രായം കേവലം പതിനാറ് വയസായിരുന്നു. 19 വയസില്‍ ശ്രീലങ്കക്കെതിരെ ഏകദിനം കളിച്ചായിരുന്നു കൊഹ്‍ലി അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ചൂടിലേക്ക് ചുവടുവച്ചത്. ഇന്ത്യന്‍ ടീമിലെത്തുന്നതിന് മുമ്പ് അധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങളൊന്നും ഇരുവരും കളിച്ചിരുന്നില്ല.

2 കംഗാരു പ്രണയം


ഓസീസിനെതിരെ മത്സരിക്കുമ്പോള്‍ പ്രത്യേക ഊര്‍ജ്ജമാണ് സച്ചിനും കൊഹ്‍ലിയും പ്രകടമാക്കാറ്. ഓസീസ് ബൌളര്‍മാരുടെ ഇന്നത്തെ പേടിസ്വപ്നം കൊഹ്‍ലിയാണെങ്കില്‍ നേരത്തെ ഇത് സാക്ഷാല്‍ ടെന്‍ഡുല്‍ക്കറായിരുന്നു. ടെസ്റ്റോ ഏകദിനമോ കളി ഏതുമാകട്ടെ ഓസീസിനെതിരെ സച്ചിനും കൊഹ്‍ലിയും സിംഹങ്ങളായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 61 നോടടുത്ത ശതമാണ് ടെസ്റ്റില്‍ ഓസീസിനെതിരെ കൊഹ്‍ലിക്കുള്ളത്. ഏകദിനത്തില്‍ ഇത് 55.66 ശതമാനമാണ്. ഓസീസിനെതിരെ ടെസ്റ്റില്‍ 55 ശതമാനവും ഏകദിനത്തില്‍ 45 ശതമാനവുമാണ് സച്ചിന്‍റെ ബാറ്റിംഗ് ശരാശരി. 1991-92 സീസണിലെ ഓസീസ് പര്യടനത്തോടെയാണ് ടെസ്റ്റില്‍ സച്ചിന്‍റെ സ്വാധീനം പ്രകടമാകുന്നതെങ്കില്‍ 2011-12 സീസണിലെ ഓസീസ് പര്യടനാണ് കൊഹ്‍ലിയുടെ ടെസ്റ്റ് ജീവിതത്തിലെ സുവര്‍ണ നിമിഷം.

3 ഇന്ത്യന്‍ ബാറ്റിംഗിന്‍റെ ആണിക്കല്ല്

കരിയറിലുടനീളം ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ആശ്വാസവും പ്രതീക്ഷയുമായിരുന്നു സച്ചിന്‍. പ്രമുഖരായ നിരവധി ബാറ്റ്സ്മാന്‍മാരുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും ഇന്ത്യന്‍ ക്യാമ്പില്‍ എതിരാളികള്‍ ഏറെ ഭയപ്പെട്ടിരുന്നത് സച്ചിനെയായിരുന്നു. സച്ചിന്‍ വീണാല്‍ ഇന്ത്യ വീണു എന്ന പ്രതീതി സച്ചിന്‍ യുഗത്തിലെ ഒരു പ്രത്യേകതയായിരുന്നു. സമാനമായ ഒരു അവസ്ഥയിലൂടെയാണ് കൊഹ്‍ലിയും ഇപ്പോഴും കടന്നു പോകുന്നത്. എതിരാളികളാരായാലും അവരുടെയെല്ലാം ആദ്യ ഉന്നം കൊഹ്‍ലിയുടെ വിക്കറ്റാണ്. ഇന്ത്യയെ തളയ്ക്കാനുള്ള എളുപ്പ മാര്‍ഗമായി എതിരാളികള്‍ കാണുന്നത് കൊഹ്‍ലിയെ വീഴ്ത്തലാണ്. സച്ചിന്‍ വീണാല്‍ ഇന്ത്യന്‍ ക്യാമ്പില്‍ അതിന്‍റെ അലയൊലികള്‍ പ്രകടമായിരുന്നു അതേ ആശങ്കയാണ് ഇന്ന് ഇന്ത്യന്‍ ക്യാമ്പിലും പലപ്പോഴും കാണുന്നത്.

4 ഏകദിനങ്ങളിലെ ദക്ഷിണാഫ്രിക്ക പേടി

സച്ചിന് തുടര്‍ച്ചയായി അടിപതറിയിരുന്ന ഒരു എതിരാളിയുണ്ടെങ്കില്‍ അത് ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു. കരിയറിലെ ആകെ 44.83 ബാറ്റിംഗ് ശരാശരിയുള്ള സച്ചിന്‍ ദക്ഷിണാഫ്രിക്കക്കെതിരെ 36ല്‍ താഴെ ശരാശരി മാത്രമാണ് കാത്തുസൂക്ഷിച്ചത്. ഏകദിന കരിയറില്‍ 51 ശതമാനം ബാറ്റിംഗ് ശരാശരിയുള്ള കൊഹ്‍ലി ഇതു വരെ ദക്ഷിണാഫ്രിക്കക്കെതിരെ 39.68 ശരാശരി മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. തന്‍റെ റെക്കോഡ് മെച്ചപ്പെടുത്താന്‍ കൊഹ്‍ലിക്ക് ഇനിയും അവസരമുണ്ടെന്നതാണ് വലിയ ആശ്വാസം.

5 ടെസ്റ്റില്‍ നാലമതായി ക്രീസിലെത്തിയുള്ള തിളക്കം

ടെസ്റ്റില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ പല സ്ഥാനത്തും സച്ചിന്‍ പാഡണിഞ്ഞിട്ടുണ്ടെങ്കിലും നാലമനായി ഇറങ്ങിയപ്പോളാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. 54 ശതമാനം ശരാശരിയോടെ 13,000 ത്തിലധികം റണ്‍സാണ് നാലാമനായി സച്ചിന്‍ വാരിക്കൂട്ടിയത്. ടെസ്റ്റില്‍ വിരാട് കൊഹ്‍ലി ശൈശവ ദിശയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും നാലമനായി പാഡണിഞ്ഞ് 1630 റണ്‍സാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. 46 ശതമാനമാണ് നാലമനായി ഇറങ്ങുന്പോള്‍ കൊഹ്‍ലിയുടെ ശരാശരി.

Tags:    

Similar News