പെറുവിനോട് തോറ്റാല്‍ അര്‍ജന്റീനയുടെ ലോകകപ്പ് കാണാതെ പുറത്ത്
അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും. ആദ്യ നാല് പേര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത നേടാന്‍ കഴിയൂവെന്നതിനാല്‍ ഇപ്പോള്‍ തന്നെ അര്‍ജന്റീനയുടെ നില പരിതാപകരമാണ്
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മരണപ്പോരാട്ടത്തിനൊരുങ്ങുകയാണ് അര്‍ജന്റീന. നാളെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പെറുവിനോട് തോറ്റാല്‍ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിക്കും.
ആശങ്കയുടെ മുള്‍മുനയിലാണ് അര്‍ജന്റീനയെന്ന ലാറ്റിനമേരിക്കന്‍ രാജ്യവും പിന്നെ ലോകമെങ്ങുമുള്ള അര്‍ജന്റീനയുടെ ആരാധകരും. യോഗ്യതാ മത്സരങ്ങളില്‍ ഇനി രണ്ടേ രണ്ട് മത്സരങ്ങളാണ് അര്‍ജന്റീനക്ക് മുന്നില്‍ ബാക്കിയുള്ളത്. പെറുവും ഇക്വഡോറും.
നാളെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പെറുവിനെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനക്ക് ഉള്‍ക്കൊള്ളാനാവില്ല. നിലവില്‍ 24 പോയിന്റുമായി പെറു നാലാം സ്ഥനത്താണ്. അതെ പോയിന്റ് അര്‍ജന്റീനക്കുണ്ടെങ്കിലും ഗോള്‍ ശരാശരി പരിഗണിച്ച് അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും.
ആദ്യ നാല് പേര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത നേടാന്‍ കഴിയൂവെന്നതിനാല്‍ ഇപ്പോള്‍ തന്നെ അര്‍ജന്റീനയുടെ നില പരിതാപകരമാണ്.
അഞ്ചാം സ്ഥാനത്തെത്തിയാല്‍ ന്യൂസിലന്‍ഡുമായി പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാം. നാളെ അര്‍ജന്റീന തോല്‍ക്കുകയും തൊട്ടുതാഴെയുള്ള ചിലി ജയിക്കുകയും ചെയ്താല്‍ പിന്നെ ഈ സാധ്യതയും അസ്തമിക്കും. പിന്നീട് അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ വിജയിക്കുകയും ചിലിയും പെറുവും തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീനക്ക് സാധ്യതയുണ്ട്.
അടുത്ത രണ്ട് മത്സരങ്ങളിലും ജയമില്ലെങ്കില്‍ പിന്നെ അര്‍ജന്റീന ലോകകപ്പ് കാണാതെ പുറത്താകും. അങ്ങനെ വന്നാല്‍ 1970 ന് ശേഷം ആദ്യമായിട്ടായിരിക്കും അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താകുന്നത്. നിലവിലെ രണ്ടാം സ്ഥാനക്കാര്‍ ലോകകപ്പ് കാണാതെ പുറത്താകുന്നുവെന്ന നാണക്കേടും ടീം ഏറ്റവാങ്ങേണ്ടി വരും.