ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫെഡറര്‍ക്ക്
മാര്‍ക്ക് സിലിക്കിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍ (6-2, 6-7(5-7), 6-3, 3-6, 6-1)...
മാരിന്‍ സിലിക്കിനെ തോല്‍പ്പിച്ച് കരിയറിലെ ഇരുപതാം ഗ്രാന്‍ഡ് സ്ലാം കിരീടം റോജര്‍ ഫെഡറര്‍ സ്വന്തമാക്കി. ഫെഡററുടെ ആറാമത്തെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍ (6-2, 6-7(5-7), 6-3, 3-6, 6-1)
ആദ്യ സെറ്റ് വെറും 24 മിനുറ്റില്‍ 6-2ന് ഫെഡറര്‍ സ്വന്തമാക്കിയപ്പോള്‍ തികച്ചും ഏകപക്ഷീയമായ മത്സരമാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ക്രൊയേഷ്യക്കാരന്‍ അങ്ങനെ എളുപ്പത്തില്‍ തോറ്റുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് 7-6ന് സിലിക് വരുതിയിലാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍(6-3) ഫെഡററുടെ മേധാവിത്വമാണ് കണ്ടത്.
നാലാം സെറ്റില്‍ താളം വീണ്ടെടുത്ത സിലിക് വീണ്ടും തിരിച്ചടിച്ചു. ഫെഡറര്‍ മൂന്നാം സെറ്റ് നേടിയ അതേ സ്‌കോറിനായിരുന്നു (3-6) സിലിക് നാലാം സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ അഞ്ചാം സെറ്റില്‍ ഫെഡററുടെ അപ്രമാദിത്വമാണ് കണ്ടത്. 6-1ന് തികച്ചും ഏകപക്ഷീയമായി സെറ്റും കിരീടവും സ്വന്തമാക്കി ഫെഡറര്‍ ആധുനിക ടെന്നീസിലെ പകരം വെക്കാനില്ലാത്ത താരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീട നേട്ടത്തോടെ ഫെഡറര്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ താരമായി മാറി. മാര്‍ഗരറ്റ് കോര്‍ട്ട്(24), സെറീന വില്യംസ്(23), സ്‌റ്റെഫി ഗ്രാഫ്(22) എന്നീ വനിതാ താരങ്ങള്‍ നേരത്തെ 20ഗ്രാന്‍ഡ് സ്ലാം നേട്ടം കൈവരിച്ചിട്ടുണ്ട്.