അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറില്‍; ആവേശത്തിലാറാടി ആരാധകര്‍
പതിനാലാം മിനുട്ടില്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നതോടെ ആവേശം അണപൊട്ടി
അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടര്‍ പ്രവേശമുറപ്പിച്ചതിന്‍റെ ആവേശത്തിലായിരുന്നു ഇന്നലെ ലോകമെമ്പെടുമുള്ള ആരാധകര്‍. കളി റഷ്യയിലായിരുന്നെങ്കിലും കേരളത്തിലെ കൊച്ചു ഗ്രാമങ്ങളില്‍ പോലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. കോഴിക്കോട് പുതിയപാലത്ത് മാത്രം നൂറുകണക്കിന് പേരാണ് മെസ്സിയുടേയും അര്‍ജന്‍റീനയുടേയും ഓരോ നീക്കങ്ങള്‍ക്കുമൊപ്പം ഇളകിമറിഞ്ഞും ആര്‍ത്തുവിളിച്ചും ആവേശക്കാഴ്ചയൊരുക്കിയത്.
കളി തുടങ്ങുന്നതിനും അര മണിക്കൂര്‍ മുന്‍പേ ഇരിപ്പിടങ്ങലെല്ലാം നിറഞ്ഞുകവിഞ്ഞു. നിമിഷങ്ങളോരോന്നിനും മണിക്കൂറുകളുടെ ദൈര്‍ഘ്യം. പക്ഷെ അര്‍ജന്‍റീനന്‍ ആരാധകരുടെ ആവേശത്തിനും ആത്മവിശ്വാസത്തിനും മാത്രം ഒരു കുറവുമുണ്ടായില്ല. പതിനാലാം മിനുട്ടില്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ, അന്‍പത്തിയൊന്നാം മിനിറ്റില്‍ നൈജീരിയ ഗോള്‍ മടക്കി.
ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ ഇഞ്ചോടിഞ്ച് പൊരുതിക്കളിച്ച രണ്ടാംപകുതി. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ, എണ്‍പത്തിയാറാം മിനിറ്റില്‍ മര്‍ക്കാസ് റോഹോ വിജയഗോള്‍ നേടിയതോടെ അര്‍ജന്‍റീനന്‍ ആരാധകരുടെ ആവേശം അണപൊട്ടി.