ഗോള്‍ മഴ പെയ്യിച്ച് അര്‍ജന്റീന, സ്പെയിന്‍; ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഐസ്‍ലന്‍ഡ് 

കളിയുടെ ആദ്യ നിമിഷങ്ങളില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ഐസ്‍ലന്‍ഡ് വിജയമുറപ്പിച്ചെങ്കിലും അവസാന നിമിഷം ഫ്രാന്‍സ് സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു.

Update: 2018-10-12 01:50 GMT
Advertising

യുവേഫ നാഷന്‍സ് ലീഗ് അന്താരാഷ്ട്ര മത്സരത്തില്‍ ഫ്രാന്‍സിന് സമനില. ഐസ്‍ലന്‍ഡാണ് ലോക ചാംപ്യന്മാരെ തളച്ചത്. അതേസമയം സ്പെയിനും പോര്‍ച്ചുഗലും മികച്ച ജയം നേടി.

കളിയുടെ ആദ്യ നിമിഷങ്ങളില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ഐസ്‍ലന്‍ഡ് വിജയമുറപ്പിച്ചെങ്കിലും അവസാന നിമിഷം ഫ്രാന്‍സ് സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു. കിലിയന്‍ എംബാപ്പയും ഐസ്‍ലന്‍ഡിന്‍റെ ഓണ്‍ഗോളുമായിരുന്നു ഫ്രാന്‍സിന് രക്ഷയായത്.

വെയ്‍ല്‍സിനെ ഒന്നിനെതിരെ നാല് ഗോളിനാണ് സ്പെയിന്‍ തകര്‍ത്തത്. അല്‍ക്കാസര്‍ രണ്ട് തവണ ലക്ഷ്യം കണ്ടപ്പോള്‍ റാമോസും മാര്‍ക് ബാര്‍ത്രയുമാണ് മറ്റ് ഗോളുകള്‍ നേടിയത്. റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ പോളണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളിനും തോല്‍പ്പിച്ചു. അതേസമയം റഷ്യ-സ്വീഡന്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

സൗദിയല്‍ നടക്കുന്ന അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ യുവതാരങ്ങളുമായി ഇറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇറാഖിനെ തകർത്തു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നവരൊന്നുമില്ലാതെ ഇറങ്ങിയ അര്‍ജന്റീനക്കായി ലൗട്ടാറോ മാര്‍ട്ടിനെസ് (18), റോബര്‍ട്ട് പെരേര (53), ജര്‍മെെന്‍ പെസെല്ലെ (82), ഫ്രാങ്കോ കെര്‍വി (90) എന്നിവര്‍ ഗോൾ നേടി.

ആദ്യ പകുതിയില്‍ മികച്ച പ്രതിരോധം പടുത്തുയര്‍ത്തിയ ഇറാഖ് വലയിലേക്ക് 18ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനെസ് ആദ്യ നിറയൊഴിച്ചു. രണ്ടാം പകുതിയിലെ 53-ാം മിനിറ്റില്‍ ടിബാലയുടെ പാസ്സില്‍ റോബര്‍ട്ട് പെരേര അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ രണ്ടു ഗോളുകൾ കൂടി എത്തി. 82-ാം മിനിറ്റില്‍ സാല്‍വിയോയുടെ പാസ്സില്‍ പെസെല്ലെയും 90-ാം മിനിറ്റില്‍ ഫ്രാങ്കെ കെര്‍വിയും ഗോൾ പട്ടിക പൂർത്തീകരിച്ചു.

Tags:    

Similar News