എട്ടാമനായി ഇറങ്ങി സെഞ്ച്വറി; ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച അഗാര്‍ക്കര്‍

2002ലാണ് വിഖ്യാത ലോഡ്‌സ് മൈതാനത്ത് എട്ടാമനായി ക്രീസിലെത്തി അഗാർക്കർ അത്ഭുതം തീർത്തത്

Update: 2024-09-06 15:16 GMT
Advertising

ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നാണ് ലോഡ്‌സ് അറിയപ്പെടുന്നത്. ടവേൺ സ്റ്റാന്റും ഗ്രേസ് ഗേറ്റ് എന്ന ഇരട്ടകവാടവും സ്റ്റേഡിയത്തിന്റെ ഐഡന്റിറ്റികളാണ്. വിക്ടോറിയൻ നിർമിതിയുടെ സൗന്ദര്യമായ പ്രത്യേക ബാൽക്കണികൾ. മനോഹരമായ പച്ചപ്പുൽമൈതാനം. ലോകത്തിലെ അതിപുരാതനവും അതിപ്രധാനവുമായ ക്രിക്കറ്റ് മൈതാനം. ക്രിക്കറ്റിന്റെ കളിമുറ്റത്ത് സെഞ്ച്വറി നേടി ബാറ്റ് വാനിലേക്കുയർത്തി ആഹ്ളാദം പ്രകടിപ്പിക്കുകയെന്നത് ഓരോ ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നങ്ങളിലൊന്നാണ്. നിരവധി പേർ ചരിത്രംകുറിച്ച ആ മണ്ണിലെ അപൂർവ്വമായൊരു ഇന്ത്യൻ സെഞ്ച്വറി കഥയാണിത്. 

ലോഡ്‌സിലെ ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് . ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു. തുടക്കത്തിൽ ഓപ്പണർ ഡാൻ ലോറൻസിനേയും ക്യാപ്റ്റൻ ഒലീ പോപ്പിനേയും ആതിഥേയർക്ക് നഷ്ടമായി. എന്നാൽ നാലാം നമ്പറിൽ ഇംഗ്ലണ്ടിന്‍റെ വിശ്വസ്ത ബാറ്റർ ജോ റൂട്ട് ക്രീസിലെത്തിയതോടെ കഥയാകെ മാറി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഒരു ഭാഗത്ത് നങ്കൂരമിട്ട റൂട്ട് ടീമിനെ കൈപിടിച്ചുയർത്തി. ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്‌സ് എന്നിവരെല്ലാം മടങ്ങിയെങ്കിലും ലോഡ്‌സിൽ അപ്രതീക്ഷിത ഹീറോയെ ആതിഥേയർക്ക് ലഭിച്ചു. പേസ് ബൗളർ ഗസ് ആറ്റ്കിൻസൺ. എട്ടാമതായി ക്രീസിലെത്തിയ ആറ്റ്കിൻസൺ വിഖ്യാത മൈതാനത്ത് സെഞ്ച്വറിയിലേക്കാണ് ബാറ്റുവീശിയത്. 115 പന്തിൽ 14 ബൗണ്ടറിയും നാല് സിക്‌സറും സഹിതം 118 റൺസുമായാണ് വാലറ്റത്തുനിന്ന് ആറ്റ്കിന്‍സണ്‍ ആളിക്കത്തിയത്. ഫലമോ ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 427 എന്ന വലിയ ടോട്ടൽ.

ലോഡ്‌സ് മൈതാനത്ത് എട്ടാമതോ അതിന് ശേഷമോ ബാറ്റിങിനിറങ്ങി സെഞ്ച്വറി നേടുന്ന ആറാമത്തെ മാത്രം താരമാണ് ഈ ഇംഗ്ലീഷ് പേസർ. മുൻ ഇംഗ്ലീഷ് താരം ഗബ്ബി അലനാണ് വാലറ്റക്കാരിൽ ആദ്യമായി മൂന്നക്കം തൊട്ടത്. 1931ൽ ന്യൂസിലാൻഡിനെതിരെയായിരുന്നു ഈ നേട്ടം. പതിറ്റാണ്ടുകൾക്കിപ്പുറം 1969ൽ ഇംഗ്ലണ്ടിന്റെ തന്നെ റേ ഇല്ലിംഗ്‌വർത്തും അപൂർവ്വ നേട്ടം സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ അവസാനക്കാരായി ക്രീസിലെത്തി അത്ഭുതം കാണിച്ച ആദ്യതാരം വിൻഡീസിന്റെ ബെർണാഡ് ജൂലിയനായിരുന്നു. 2010ൽ സ്റ്റുവർട്ട് ബ്രോഡും ഇപ്പോൾ അറ്റ്കിൻസനും ഇംഗ്ലണ്ടിനായി നേട്ടം ആവർത്തിച്ചു. ഇതിനിടെ വിട്ടുപോയൊരു പേരുണ്ട്. ഇന്ത്യൻ താരം അജിത് അഗാർക്കർ.

2002ലാണ് വിഖ്യാത ലോഡ്‌സ് മൈതാനത്ത് എട്ടാമനായി ക്രീസിലെത്തി അഗാർക്കർ അത്ഭുതം തീർത്തത്. 109 റൺസുമായി അന്ന് അഗാർക്കർ നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിൽ എന്നെന്നും ഓർമിക്കപ്പെടുന്ന അധ്യായമാണ്. 2002 ജൂലൈ 25നായിരുന്നു ടെസ്റ്റ് ആരംഭിച്ചത്. ആദ്യ ഇന്നിങ്‌സിൽ ക്യാപ്റ്റൻ നാസർ ഹുസൈന്റെ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചതോടെ ഇംഗ്ലണ്ട് 487 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങിൽ ഇന്ത്യക്ക് അടിതെറ്റി. സ്‌കോർബോർഡിൽ രണ്ട് റൺസ് തെളിയുമ്പോഴേക്ക് ഓപ്പണർ വസിം ജാഫറിനെ നഷ്ടമായി. തുടർന്ന് വിരേന്ദ്രർ സേവാഗും രാഹുൽ ദ്രാവിഡും ചേർന്ന് സ്‌കോറിങ് ഉയർത്തിയെങ്കിലും 46 റൺസിൽ വൻമതിലും വീണു. പിന്നീടെല്ലാം ചടങ്ങായിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ 16 റൺസിനും ലക്ഷ്മൺ 43നും സൗരവ് ഗാംഗുലി അഞ്ചിനും കൂടാരം കയറി. ഇന്ത്യ 221ൽ ഓൾഔട്ട്. രണ്ടാം ഇന്നിങ്‌സിൽ ഏകദിന ശൈലിയിൽ ബാറ്റുവീശിയ ആതിഥേയർ മൈക്കിൾ വോണിന്റേയും ജോൺ ക്രൗലിയുടേയും സെഞ്ച്വറി കരുത്തിൽ 301-6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് മുന്നിൽ 568 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ വസിം ജാഫറും വിരേന്ദ്രർ സേവാഗും ചേർന്ന് ഓപ്പണിങിൽ 61 റൺസ് കൂട്ടിചേർത്തു. 27ൽ സേവാഗും 53ൽ വസിം ജാഫറും തിരിച്ചുനടന്നു. തുടർന്ന് രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്ത് രാഹുൽ ദ്രാവിഡ് സ്വതസിദ്ധമായ ശൈലിയിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും 63ൽ നിൽക്കെ ഇംഗ്ലണ്ട് താരത്തിന് പിടികൊടുത്തു. സച്ചിൻ 12 റൺസിലും ഗാംഗുലി പൂജ്യത്തും മടങ്ങിയതോടെ ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യയെ കാത്തിരിക്കുന്നത് നാണംകെട്ട തോൽവി.

എട്ടാമനായി അജിത് അഗാർക്കർ ക്രീസിലെത്തുമ്പോഴും ഇന്ത്യയുടെ തോൽവി ഏതാണ്ട് ഉറപ്പായിരുന്നു. ചെറുത്തുനിൽപ്പ് ഏതുവരെയെന്നുമാത്രമായിരുന്നു അറിയേണ്ടത്. എന്നാൽ ആൻഡ്രൂ ഫ്‌ളിന്റോഫിന്റേയും മാത്യു ഹൊഗാര്‍ഡിന്റേയും തീതുപ്പുന്ന പന്തുകളെ സമർത്ഥമായി നേരിട്ട അന്നത്തെ 24 കാരൻ സമ്മർദ്ദമേതുമില്ലാതെ ബാറ്റുവീശി. ബൗണ്ടറികൾ ആ ബാറ്റിൽ നിന്ന് പ്രവഹിച്ച് കൊണ്ടേയിരുന്നു. ലക്ഷ്യം ഏറെ അകലെയാണെന്ന് അറിയാമെങ്കിലും വാലറ്റക്കാരയ അനിൽ കുംബ്ലെയേയും സഹീർഖാനേയും ആശിഷ് നെഹ്‌റയേയും കൂട്ടുപിടിച്ച് അവസാന നിമിഷവും വിജയത്തിനായി പോരാടി അഗാര്‍ക്കര്‍. ഒടുവിൽ ഇന്ത്യൻ ഇന്നിങ്‌സ് 397 ൽ അവസാനിച്ചു. 190 പന്തുകൾ നേരിട്ട അഗാർക്കർ 109 റൺസാണ് അടിച്ചെടുത്തത്. 19 റൺസിൽ ഇന്ത്യയുടെ അവസാന വിക്കറ്റായ നെഹ്‌റയെ ക്രെയിഗ് വൈറ്റ് പുറത്താക്കുമ്പോൾ നോൺ സ്‌ട്രൈക്കിങ് എൻഡിൽ നിരാശകലർന്ന മുഖവുമായി നിൽക്കുന്ന അഗാർക്കർ. ഇന്ത്യക്ക് 170 റൺസ് തോൽവി. ഒരുപക്ഷെ മികച്ച പിന്തുണയുമായി ഒരൊറ്റ ബാറ്റർ മറുവശത്തുണ്ടായിരുന്നെങ്കിൽ 500ന് മുകളിലുള്ള ആ റൺമലയൊന്നും ഇന്ത്യക്ക് ഒരു വെല്ലുവിളിയേ ആകില്ലായിരുന്നു. തോൽവിയിലും വീരോചിതം പോരാടിയ അഗാർക്കറിനെ നിറകൈയടിയോടെയാണ് അന്ന് ലോഡ്ഡ് എതിരേറ്റത്. വിദേശ മണ്ണിൽ സെഞ്ച്വറിയില്ലാതെ ഇതിഹാസ താരങ്ങളടക്കം പടിയിറങ്ങവെയാണ് 24ാം വയസിൽ ഒരു ബോംബെ പയ്യൻ അത്ഭുതം തീർത്തത്. റെക്കോർഡുകൾ ഒരുപാട് പിറന്ന ക്രിക്കറ്റിന്റെ കളിമുറ്റത്ത് ഇന്ത്യൻ ചെറുത്തുനിൽപ്പിന്റെ കഥകൂടിയാണ് അഗാർക്കറിന്‍റെ ആ ഇന്നിങ്‌സ്.

ഇന്ത്യൻ ക്രിക്കറ്റിലെ സൈലന്റ് കില്ലറായാണ് അജിത് അഗാർക്കറിനെ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ ബാറ്റിങ് മികവ് തിരിച്ചറിഞ്ഞ സൗരവ് ഗാംഗുലി പലപ്പോഴും ബാറ്റിങ് ഓർഡറിൽ സ്ഥാനകയറ്റം നൽകിയിരുന്നു. 2002 വെസ്റ്റിൻഡീസ് പര്യടനത്തിൽ വൺഡൗണായി ക്രീസിലെത്തി 95 റൺസെടുത്ത ആ പ്രകടനം ഇന്നും ആരാധകരുടെ മനസിൽ മായാതെ കിടപ്പുണ്ട്. ഏകദിനത്തിൽ അതിവേഗത്തിൽ അർധസെഞ്ച്വറി നേടിയ ഇന്ത്യക്കാരന്റെ റെക്കോർഡും ഇന്നും അഗാർക്കറിന്റെ പേരിലാണ്. സിംബാബ്‌വെക്കെതിരെ 2001ലാണ് 21 പന്തിൽ അഗാര്‍ക്കര്‍ ഫിഫ്റ്റി കുറിച്ചത്. ഇന്ത്യയുടെ മൂന്നു ഫോർമാറ്റിലും വരവറിയിച്ച അഗാർക്കർ 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും നാല് ടി 20യിലും കളിച്ചിട്ടുണ്ട്. 2007ൽ എം.എസ്. ധോണിയുടെ കീഴിൽ പ്രഥമ ടി20 ലോക കിരീടം നേടിയ ടീമിലും അംഗമായിരുന്നു. 1999,2003,2007 ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഭാഗമായി. 2007ൽ അഗാര്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News