''പാക് താരം വിജയിച്ചതിലും സന്തോഷം''; തരംഗമായി നീരജ് ചോപ്രയുടെ അമ്മയുടെ പ്രതികരണം

''മൈതാനത്ത് ഒരാള്‍ പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്''

Update: 2023-08-29 12:04 GMT
Advertising

ലോക കായികവേദികളില്‍ വീണ്ടും അത്ഭുതമാവുകയാണ്  നീരജ് ചോപ്ര എന്ന ഇന്ത്യന്‍ വിസ്മയം. കഴിഞ്ഞ ദിവസമാണ്  ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍   നീരജ് ചോപ്ര സ്വര്‍ണ്ണം എറിഞ്ഞിട്ടത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്. ഫൈനലില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇന്ത്യൻ താരങ്ങളായ ഡി.പി മനു, കിഷോർ ജെന തുടങ്ങിയവരും ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 

ഇന്ത്യയെ പോലെ തന്നെ ജാവ്‍ലിനില്‍ പാകിസ്താനും സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. പാക് താരമായ അർഷാദ് നദീമാണ് മത്സരത്തില്‍ വെള്ളി നേടിയത്. 87.82 മീറ്റർ ആണ് നദീമെറിഞ്ഞ മികച്ച ദൂരം.മത്സരത്തിന് ശേഷം സന്തോഷം പങ്കു വക്കുന്ന നദീമിന്‍റേയും നീരജിന്‍റേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ പാക് താരം നദീമിനെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരു പാകിസ്താനി താരത്തെ പരാജയപ്പെടുത്തി മകന്‍ നേടിയ വിജയത്തെ എങ്ങനെ കാണുന്നു എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യം. അതിന് സരോജ് ദേവി നല്‍കിയ മറുപടി ഇങ്ങനെ. 

''എല്ലാവരും ഫീൽഡിൽ മത്സരിക്കാനാണ് എത്തുന്നത്. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ ഉറപ്പായും വിജയിക്കും. അത് കൊണ്ട് അയാൾ പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. പാക് താരം വിജയിച്ചതിലും ഞാന്‍ സന്തോഷവതിയാണ്''- സരോജ് ദേവി പറഞ്ഞു. 

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം നദീമിന്റെ വിജയത്തിൽ നീരജ് ചോപ്രയും സന്തോഷം പങ്കുവച്ചിരുന്നു.

''അർഷദ് നന്നായി എറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മത്സര ശേഷം ഞങ്ങൾ ഇതിനേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മുമ്പ് ജാവ്‌ലിനിൽ യൂറോപ്പ്യൻ താരങ്ങളുടെ ആധിപത്യമായിരുന്നു. ഇപ്പോൾ നമ്മൾ അവരെ കവച്ചു വക്കാൻ തുടങ്ങിയിരിക്കുന്നു.''- നീരജ് പ്രതികരിച്ചു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News