സൺ ഗ്ലാസിട്ട് സ്റ്റൈലായി വന്നു; വന്ന പോലെ അയ്യരുടെ മടക്കം, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവച്ചത്
ശ്രേയസ് അയ്യർ ബാറ്റിങ്ങിനായി എത്തിയത് തന്നെയാണോ? ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ക്യാപ്റ്റനെ കണ്ട് ആരാധകർ അമ്പരന്നു. സൺ ഗ്ലാസൊക്കെ വച്ച് സ്റ്റൈലിഷായാണ് അയ്യർ ഇന്ത്യ എ ക്കെതിരായ മത്സരത്തില്‍ ക്രീസിലെത്തിയത്. എന്നാൽ മൈതാനത്ത് അങ്ങനെയൊരു സ്റ്റൈലിഷ് പ്രകടനം കാഴ്ചവക്കാൻ അയ്യർക്കായില്ല. ഏഴ് പന്ത് നേരിട്ട താരം സംപൂജ്യനായി മടങ്ങി. വൺഡൗണായി ക്രീസിലെത്തിയ അയ്യർക്ക് മൈതാനത്ത് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതോടെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരമാണ്.
മലയാളി താരം സഞ്ജു സാംസണും മത്സരത്തില്‍ നിരാശപ്പെടുത്തി. ദുലീപ് ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്താത്തതിനെ ചൊല്ലി രൂക്ഷവിമർശനമുയർന്നതിനെ പിന്നാലെ ടീമിലിടം പിടിച്ച സഞ്ജു അഞ്ച് റൺസെടുത്ത് പുറത്തായി. മത്സരത്തില്‍ ഇന്ത്യ ഡി ആദ്യ ഇന്നിങ്സില്‍ 183 റൺസിന് കൂടാരം കയറി. 92 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് അൽപമെങ്കിലും പൊരുതിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആഖിബ് ഖാനും ഖലീൽ അഹ്‌മദുമാണ് ശ്രേയസ് അയ്യരുടേയും സംഘത്തിന്റേയും നടുവൊടിച്ചത്.
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ എ ഒരു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്ത് ശക്തമായ നിലയിലാണ്. അർധ സെഞ്ച്വറികളുമായി പ്രതാഭ് സിങ്ങും മായങ്ക് അഗർവാളും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. ആദ്യ ഇന്നിങ്‌സിൽ 290 റൺസിനാണ് ടീം പുറത്തായത്.