രോഹിതിനെ വിടാതെ മുംബൈ; ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി തുടരും
മുംബൈ: ഐ.പി.എല്ലിൽ താരങ്ങളെ നിലനിർത്തുന്ന ടീം പട്ടിക പുറത്തുവരുമ്പോൾ ഏറ്റവുമധികം പേർ ഉറ്റുനോക്കിയത് മുംബൈ ഇന്ത്യൻസിലേക്കായിരുന്നു. മുംബൈ ഇന്ത്യൻസിനെ ഇന്നത്തെ മുംബൈ ഇന്ത്യൻസാക്കിയ രോഹിത് ശർമ ഫ്രാഞ്ചൈസി വിടുമോ ഇല്ലയോ എന്നതായിരുന്നു എല്ലാവരുടെയും ആകാംക്ഷ.
ഒടുവിൽ മുംബൈ നിലനിർത്തുന്നവരുടെ പട്ടികയിൽ രോഹിതും ഉൾപ്പെട്ടിരുന്നു. 16.30 കോടി രൂപയാണ് രോഹിതിന് മുംബൈ നൽകുക. ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാർ യാദവ് (16.35 കോടി), ഹാർദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശർമ (16.30 കോടി), തിലക് വർമ (8 കോടി) എന്നിവരാണ് മുംബൈ നിലനിർത്തിയ മറ്റുതാരങ്ങൾ.
മുംബൈ ഇന്ത്യൻസിനെ അഞ്ചുതവണ ചാമ്പ്യൻമാരാക്കിയ രോഹിതിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ പോയ സീസണിൽ ക്യാപ്റ്റനായി നിയമിച്ചിരുന്നു. രോഹിതിനെ അവഗണിച്ചതും മുംബൈയുടെ സീസണിലെ മോശം പ്രകടനവും കടുത്ത ആരാധക രോഷം സൃഷ്ടിച്ചിരുന്നു. പാണ്ഡ്യക്ക് നേരെ ഗ്യാലറികളിൽ കൂവലുകളും മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. കൂടാതെ സീസണിന് ശേഷം രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമെന്ന ശക്തമായ അഭ്യൂഹങ്ങളും പരന്നിരുന്നു. പല മുൻതാരങ്ങളും സമാനരൂപത്തിലുള്ള പ്രസ്താവനകൾ പുറത്തിറക്കുകയും ചെയ്തു.
‘‘വീണ്ടും മുംബൈയുടെ ഭാഗമാകുന്നതിൽ എനിക്ക് ആകാംക്ഷയുണ്ട്. ഞാൻ മുംബൈയിൽ ഒരുപാട് തവണ കളിച്ചിട്ടുണ്ട്. ഇവിടെ വെച്ചാണ് ഞാനെന്റെ ക്രിക്കറ്റ് കരിയർ തുടങ്ങുന്നത്. ഈ നഗരം വളരെ പ്രിയപ്പെട്ടതാണ്. പോയ രണ്ട് മൂന്ന് വർഷമായി ഞങ്ങൾക്ക് അത്ര നല്ല സീസണായിരുന്നില്ല. അത് മാറ്റിയെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച എനിക്ക് ഇതൊരു മികച്ച സ്ഥലമാണ്’’ -രോഹിത് പ്രതികരിച്ചു.
മാർക്ക് ബൗച്ചറെ മാറ്റി മുൻ കോച്ച് മഹേള ജയവർധനെയെ മുംബൈ തിരികെ കൊണ്ടുവന്നിരുന്നു. ഹാർദിക് തന്നെ ക്യാപ്റ്റനായി തുടരുമെന്ന സൂചനകളാണ് ജയവർധനെ നൽകുന്നത്. പോയ സീസണിൽ ഹാർദികിന്റെ കീഴിലിറങ്ങിയ മുംബൈ എട്ട് പോയന്റുമായി അവസാന സ്ഥാനത്തായിരുന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനെ ഐ.പി.എൽ ചാമ്പ്യൻമാരാക്കിയ ചരിത്രവും ഹാർദിക്കിനുണ്ട്.