ലോകം കാത്തിരുന്ന പോരാട്ടം ഇനിയുണ്ടാകില്ല; നിരാശയോടെ ഫുട്ബോള്‍ ആരാധകര്‍

ക്രൊയേഷ്യയുമായുള്ള ക്വാർട്ടർ പോരാട്ടത്തില്‍ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിന് തോല്‍വി വഴങ്ങിയത്.

Update: 2022-12-09 20:34 GMT
Advertising

ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീല്‍ പുറത്തായതോടെ ലോകം മുഴുവന്‍ കാത്തിരുന്നു ഒരു ക്ലാസിക് പോരാട്ടത്തിന്‍റെ സാധ്യത കൂടിയാണ് അവസാനിച്ചത്. ക്രൊയേഷ്യയുമായുള്ള ക്വാർട്ടർ പോരാട്ടത്തില്‍ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിന് തോല്‍വി വഴങ്ങിയത്. ജപ്പാനെതിരായ പ്രീക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിൽ ക്രൊയേഷ്യയുടെ ഹീറോ ആയ ഗോള്‍കീപ്പര്‍ ലിവാക്കോവിച്ച് തന്നെയാണ് ഇന്നും ക്രൊയേഷ്യയുടെ വിജയനായകനായത്. റോഡ്രിഗോയുടെ ആദ്യത്തെ കിക്ക് തടുത്തിട്ട ലിവാക്കോവിച്ച് ബ്രസീലിനെ കടുത്ത സമ്മര്‍ദത്തിലാക്കി.

റോഡ്രിഗോയുടെ ഷോട്ട് ലിവാക്കോവിച്ച് സേവ് ചെയ്തപ്പോള്‍ മാർക്വിനോസിന്‍റെ കിക്ക് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. ആ ഷോട്ടിനൊപ്പം പുറത്തേക്ക് പോയത് ആരാധകരുടെ സ്വപ്ന സെമി പോരാട്ടം എന്ന പ്രതീക്ഷ കൂടിയായിരുന്നു.

തോല്‍വിയിലും നെയ്മറിന്‍റെ നേട്ടത്തെയോര്‍ത്ത് ബ്രസീല്‍ ആരാധകര്‍ക്ക് അഭിമാനിക്കാം. എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ബ്രസീല്‍ ആണ്. അധികസമയത്തിന്‍റെ ഇന്‍ജുറി ടൈമിലായിരുന്നു നെയ്മറിന്‍റെ എണ്ണം പറഞ്ഞ ഗോള്‍ വന്നത്.

അസാധാരണമായൊരു വ്യക്തിഗത പ്രകടനത്തിന് മാത്രമേ കളിയുടെ സമനിലപ്പൂട്ട് പൊട്ടിക്കാന്‍ സാധിക്കൂ എന്ന് ഉറപ്പായിരുന്നു. പക്വറ്റയുമായി ഒരു സബ് ലൈം വൺ ടു കളിച്ചു ബോക്സിൽ കടന്നതിനു ശേഷം ലിവാക്കോവിച്ചിനെ കബളിപ്പിച്ച ശേഷം അതിമനോഹരമായ ഒരു ഫിനിഷ്. ആ നിമിഷം ബ്രസീല്‍ ആരാധകര്‍ വിജയമുറപ്പിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. അധിക സമയത്തിന്‍റ 117ാം മിനുട്ടില്‍ ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു. പിന്നീട് നടന്ന ഷൂട്ടൌട്ട് ബ്രസീലിന്‍റെ വിധിയെഴുതി.

ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ നിര്‍ണായക ഗോള്‍ നേട്ടത്തോടെ നെയ്മറിന്റെ ഗോള്‍ നേട്ടം ഇതിഹാസ താരം പെലെയ്‌ക്കൊപ്പമെത്തി. 92 മത്സരങ്ങളില്‍ നിന്ന് പെലെ 77 ഗോള്‍ നേടിയപ്പോള്‍ 124 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ 77 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്.

പ്രായം 31ലേക്ക് കടക്കുന്ന നെയ്മർ ഇനി ഒരു ലോകകപ്പിൽ ബ്രസീല്‍ ജഴ്സിയിലുണ്ടാകുമോ എന്ന കാര്യമാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. താൻ ഖത്തർ ലോകകപ്പിനെ അവസാന ലോകകപ്പ് പോലെയാകും കാണുക എന്ന് നെയ്മർ ഖത്തർ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു. അടുത്ത ലോകകപ്പ് സമയത്ത് എന്താകും എന്ന് അറിയില്ല, 'അവസാന ലോകകപ്പ് ആയാകും ഞാനീ ലോകകപ്പിനെ കാണുക' അന്ന് നെയ്മർ പറഞ്ഞത്.

ബ്രസീല്‍ വീണു, ക്രൊയേഷ്യ സെമിയില്‍

ഖത്തർ ലോകകപ്പിൽ പന്ത് തട്ടാൻ ഇനി കാനറികളില്ല. ക്വാർട്ടർ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ ക്രൊയേഷ്യ വീഴ്ത്തി. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീൽ കോട്ടക്കുള്ളിൽ കയറ്റി. എന്നാൽ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്‌ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്‌ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല. റോഡ്രിഗോയടിച്ച ഷോട്ട് ലിവാക്കോവിച്ച് തടഞ്ഞപ്പോൾ മാർക്വിനോസിന്റെ കിക്ക് പോസ്റ്റിനടിച്ച് പുറത്തായി.

നെയ്മറിന്റെ ഗോളിൽ അധിക സമയത്തിൽ ലീഡെടുത്ത ബ്രസീലിനെതിരെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു. അധിക സമയത്തിൽ 117ാം മിനുട്ടിലാണ് ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രോട്ടുകൾ സമനില പിടിച്ചത്. ഒർസിചാണ് ഗോളിലേക്ക് അസിസ്റ്റ് നൽകിയത്. നേരത്തെ 106ാം മിനുട്ടിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നിർണായക ഗോൾ നെയ്മർ നേടിയത്. രണ്ടാം പകുതിയും ഗോൾരഹിത സമനിലയിലായിരുന്നു. തുടർന്ന് അധിക സമയത്തിന്റെ ഒന്നാം പകുതിയിലാണ് സുൽത്താന്റെ ഗോൾവേട്ട. എട്ടു സേവുമായി ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച്ച് ബ്രസീലിനെ തടുത്തിടുകയായിരുന്നു. ഒരു ലോകകപ്പിൽ ക്രൊയേഷ്യൻ ഗോളി നേടുന്ന ഏറ്റവും കൂടുതൽ സേവാണിത്.

13-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ക്രൊയേഷ്യ ഒരു മികച്ച മുന്നേറ്റം നടത്തി. പലാസിചിന്റെ ക്രോസ് പക്ഷെ പെരിസിചിലേക്ക് എത്തിയില്ല. ഇതായിരുന്നു കളിയിലെ ആദ്യ നല്ല അവസരം. 20-ാം മിനിറ്റിൽ വിനിഷ്യസും റിച്ചാർലിസണും നടത്തിയ നീക്കം ഗ്വാർഡിയോളിന്റെ മികച്ച ബ്ലോക്കിലൂടെയാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ബ്രസീലിന്റെ ഡനിലോയും ക്രൊയേഷ്യയുടെ ബ്രൊസോവിചും മഞ്ഞ കാർഡ് വാങ്ങി.41-ാം മിനി്റ്റിൽ പെനാൾട്ടി ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് ബ്രസീലിന് ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും നെയ്മറിന്റെ കി്ക്ക ഭീഷണിയാകാതെ ഒഴിഞ്ഞുപോയി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News