ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കും
ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ന്യൂസിലാന്‍റും അടങ്ങുന്ന ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാനുള്ളത്
രാജ്യത്തെ ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് പ്രവർത്തനങ്ങൾക്ക് മേൽ ഒരു ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന്‍റെ പിന്നാലെയാണ് ബോർഡിന്‍റെ പ്രതികരണം.
കളിക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അടുത്തയാഴ്ച പരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ് മൂന്നാമത്തെ പരിശീലന ക്യാമ്പ് നടത്താൻ ആലോചിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമീദ് ഷിൻവാരി പറഞ്ഞു.
"ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാം സുഖമമാണ്. മുമ്പും അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് അവിടെ നിന്നും പിന്തുണയുണ്ട്, ഷെഡ്യൂൾ അനുസരിച്ച് ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നടക്കും." ഹമീദ് ഷിന്‍വാരി പറഞ്ഞു
അഫ്ഗാനിസ്ഥാന്‍റെ പ്രധാന കളിക്കാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും രാജ്യത്തില്ല. റാഷീദ് ഖാൻ ഇംഗ്ലണ്ടിലാണ്. എന്നാൽ അദ്ദേഹത്തിന്‍റെ കുടുംബം കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, നബി ദുബൈയിലാണ്. അഫ്ഗാനിസ്ഥാനെ സഹായിക്കാൻ ലോക നേതാക്കൾ മുന്നോട്ട് വരണമെന്ന് ആഗസ്റ്റ് 11ന് നബി ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഐപിഎല്‍ കളിക്കും. ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ന്യൂസിലാന്‍റും അടങ്ങുന്ന ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാനുള്ളത്.