പാകിസ്താനെയും വീഴ്ത്തി; ഓസീസിന് വിജയത്തുടർച്ച

നാല് വിക്കറ്റ് പിഴുത ആദം സാംപയാണ് പാക് പടയുടെ പതനത്തിന് വഴിയൊരുക്കിയത്

Update: 2023-10-20 19:30 GMT
Advertising

പാകിസ്താനെയും വീഴ്ത്തി ഓസീസിന് ഏകദിന ലോകകപ്പിൽ വിജയത്തുടർച്ച. കഴിഞ്ഞ കളിയിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച ടീമിന് ഇക്കുറി ഓപ്പണർമാരുടെ സെഞ്ച്വറി മികവും ബൗളർമാരുടെ പ്രകടനവുമാണ് തുണയായത്. 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് നേടിയ 367 റൺസ് മറികടക്കാനുള്ള ബാബറിന്റെയും സംഘത്തിന്റെയും ശ്രമം 45.3 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 305 റൺസിലൊതുങ്ങി. ഇതോടെ പാകിസ്താന്‌ തുടർച്ചയായ രണ്ടാം പരാജയം. കഴിഞ്ഞ കളിയിൽ ഇന്ത്യയോട് ഏഴ് വിക്കറ്റിന് തോറ്റ ടീം ഓസീസിനോട് 62 റൺസിനാണ് അടിയറവ് പറഞ്ഞത്. തകർപ്പൻ സെഞ്ച്വറി നേടിയ ഡേവിഡ് വാർണറാണ് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ താരം.

അർധസെഞ്ച്വറിയുമായി പാക് ഓപ്പണർമാർ മികച്ച തുടക്കമാണ് ടീമിന് നൽകിയത്. രണ്ട് സിക്‌സറും ഏഴ് ഫോറുമായി അബ്ദുല്ല ഷഫീഖ് 64ഉം പത്ത് ഫോറുമായി ഇമാമുൽ ഹഖ് 70 ഉം റൺസടിച്ചു. എന്നാൽ ടീം സ്‌കോർ 134ൽ എത്തിനിൽക്കേ ഷഫീഖ് വീണു. സ്‌റ്റോണിസിന്റെ പന്തിൽ മാക്‌സ്‌വെൽ പിടിച്ചാണ് താരം പുറത്തായത്. അധികം വൈകാതെ തന്നെ പങ്കാളി ഇമാമുൽ ഹഖും സ്‌റ്റോണിസിന്റെ മുമ്പിൽ വീണു. മിച്ചൽ സ്റ്റാർക്കിനായിരുന്നു ക്യാച്ച്. വൺഡൗണായെത്തിയ നായകൻ ബാബർ അസം (18) മങ്ങിയ പ്രകടനം നടത്തി മടങ്ങി. ആദം സാംപയുടെ പാറ്റ് കുമ്മിൻസിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. തുടർന്ന് മുഹമ്മദ് റിസ്‌വാൻ (46) പോരാടി നിന്നെങ്കിലും 41ാം ഓവറിൽ സാംപയുടെ എൽബിഡബ്ല്യു കുരുക്കിൽപ്പെട്ട് പുറത്തായി. സൗദ് ഷക്കീൽ (30), ഇഫ്തിഖാർ അഹമ്മദ് (26) , മുഹമ്മദ് നവാസ്(14) എന്നിവർ ചെറിയ സംഭാവനകൾ നൽകി പുറത്തായി. നാല് വിക്കറ്റ് പിഴുത ആദം സാംപയാണ് പാക് പടയുടെ പതനത്തിന് വഴിയൊരുക്കിയത്. പാറ്റ് കുമ്മിൻസ്, മാർകസ് സ്‌റ്റോണിസ് എന്നിവർ രണ്ടും ജോഷ് ഹേസൽ വുഡ്,  മിച്ചൽ സ്റ്റാർക് എന്നിവർ ഒന്നും വിക്കറ്റ് വീഴ്ത്തി.

ബൗളർമാർ തല്ല് വാങ്ങിക്കൂട്ടിയതോടെയാണ് ആദ്യ ബാറ്റ് ചെയ്ത ഓസീസ് 367 റൺസ് അടിച്ചത്. സെഞ്ച്വറി നേടിയ ഓപ്പണർമാരാണ് റൺമല തീർക്കാൻ കംഗാരുപ്പടയെ സഹായിച്ചത്. ഡേവിഡ് വാർണർ ഒമ്പത് സിക്‌സറും 14 ഫോറുമടക്കം 163 റൺസടിച്ചുകൂട്ടി. ഒമ്പത് സിക്‌സറും പത്ത് ഫോറുമായി മിച്ചൽ മാർഷും മോശമാക്കിയില്ല. ബാറ്റിംഗിന്റെ തുടക്കത്തിൽ തന്നെ മാർഷിനെ കൈപിടിയിലൊതുക്കാൻ കിട്ടിയ അസുലഭ അവസരം നഷ്ടപ്പെടുത്തിയതിൽ ഉസാമ മിർ ഖേദിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ബാറ്റിംഗ്. ഓസീസിന്റെ ആദ്യ വിക്കറ്റ് വീണത് 259 റൺസ് നേടിയ ശേഷമാണ്. ഷഹീൻ അഫ്രീദിയുടെ പന്തിൽ നേരത്തെ വിട്ട ഉസാമ തന്നെ മാർഷിനെ പിടികൂടുകയായിരുന്നു. വാർണർ റഊഫിന്റെ പന്തിൽ ക്യാച്ച് നൽകിയാണ് പുറത്തായത്. ടീം സ്‌കോർ 325 എത്തിച്ച ശേഷമാണ് മുൻ നായകൻ മടങ്ങിയത്. ഓപ്പണർമാരുടെ പോരാട്ടത്തിന് ശേഷം ആരും കാര്യമായി കളിച്ചില്ല. വൺഡൗണായെത്തി ഗ്ലെൻ മാക്‌സ്‌വെൽ പൂജ്യത്തിനും നാലാമതെത്തിയ സ്റ്റീവ് സ്മിത്ത് (7) ജോഷ് ഇംഗ്ലിസ്(13), മാർനസ് ലംബുഷൈൻ (8) എന്നിവർ അധികം പൊരുതാതെ പുറത്തായി. മാർകസ് സ്‌റ്റോണിസ് 21 റൺസ് നേടി.

ഇന്ത്യയോടുള്ള തോൽവിയുടെ ആഘാതം പാകിസ്താനെ വിട്ടൊഴിഞ്ഞിട്ടില്ലേയെന്ന് സംശയിപ്പിക്കുന്ന തരത്തിലായിരുന്നു തുടക്കത്തിൽ പാക് ബൗളിംഗ്. ഒരു വിക്കറ്റ് നേടിയ ഉസാമ മിർ 82ഉം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റഊഫ് 83 ഉം റൺസ് വിട്ടു നൽകി. എന്നാൽ ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റ് നേട്ടം കയ്യിലാക്കി. അവസാന ഓവറിലെ ആദ്യ പന്തിൽ രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. മിച്ചൽ സ്റ്റാർക് (2), ജോഷ് ഹേസൽവുഡ്(0) എന്നിവരാണ് അവസാന ഓവറിൽ വീണത്.  54 റൺസ് വിട്ടുകൊടുത്താണ് ഷഹീൻ അഫ്രീദിയുടെ അഞ്ച് വിക്കറ്റ്‌ നേട്ടം.


Full View


In the ODI World Cup against Pakistan, the Aussies scored 367 runs for the loss of nine wickets

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News