ടീം ഡോക്ടർക്കൊപ്പം മടങ്ങി ജസ്പ്രീത് ബുംറ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

Update: 2025-01-04 04:25 GMT
Editor : safvan rashid | By : Sports Desk
Advertising

സിഡ്നി: സിഡ്നി ​ടെസ്റ്റിലെ രണ്ടാം ദിനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടീം ഡോക്ടർക്കൊപ്പം സ്റ്റേഡിയം വിടുന്ന ദൃശ്യങ്ങൾ പുറത്ത്. ലഞ്ചിന് മുന്നോടിയായി ഗ്രൗണ്ടിന് പുറത്തേക്ക് പോയ ബുംറ ലഞ്ചിന് ശേഷം പന്തെറിഞ്ഞെങ്കിലും വേഗത കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുംറ കാറിൽ ടീം ഡോക്ടർക്കൊപ്പം മടങ്ങുന്ന ദൃശ്യങ്ങൾ വന്നത്. താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ബുംറയുടെ അഭാവത്തിൽ വിരാട് കോഹ്‍ലിയാണ് ടീമിനെ നയിച്ചത്. രണ്ടാം ദിനം ഏതാനും ഓവറുകൾ പന്തെറിഞ്ഞ ബുംറ മാർണസ് ലബുഷെയ്ന്റെ വിക്കറ്റ് നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടർന്ന ഓസീസ് 181 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ എന്നിവർ മൂന്ന് വീതം വിക്ക​റ്റുകളെടുത്തു.

ഒൻപതിന് ഒന്ന് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഫോമിലുള്ള മാർണസ് ലബുഷെയ്നെയാണ് ആദ്യം നഷ്ടമായത് (2). അധികം വൈകാതെ സാം ​​കോൺസ്റ്റാസിനെ യശസ്വി ജയ്സ്വാളി​ന്റെ കൈകളിൽ എത്തിച്ച് സിറാജ് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ നാലു റൺസെടുത്ത ട്രാവിസ് ഹെഡും സിറാജിന്റെ പന്തിൽ പുറത്തായതോടെ ഓസീസ് 39ന് നാല് എന്ന നിലയിൽ പതുക്കി.

തുടർന്ന് ക്രീസിലുറച്ച ബ്യൂ വെബ്സ്റ്ററും (57) സ്റ്റീവൻ സ്മിത്തും (33) ചേർന്ന് ഓസീസ് ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയി. ടീം സ്കോർ 96ൽ നിൽക്കേ സ്മിത്തിനെ രാഹുലിന്റെ കൈകളിലെത്തിച്ച് പ്രസീദ് മത്സരത്തിലേക്ക് ഇന്ത്യ​യെ തിരികെ കൊണ്ടുവന്നു. അലക്സ് ക്യാരി (21), പാറ്റ് കമ്മിൻസ് (10), മിച്ചൽ സ്റ്റാർക്ക് (1), നേഥൻ ലയോൺ (7 നോട്ടൗട്ട്), സ്കോട്ട് ബോളണ്ട് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News