കോഹ്ലിയും രോഹിത്തുമില്ല; പോയവർഷത്തെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ബി സി സി ഐ
2022ൽ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെയാണ് ബിസിസിഐ തെരഞ്ഞെടുത്തത്
2022ൽ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ തെരഞ്ഞെടുത്ത് ബിസിസിഐ. 2022 ലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ തെരഞ്ഞെടുത്തു. ജസ്പ്രീതി ബുംറയാണ് ടെസ്റ്റ് ഫോര്‍മാറ്റിലെ മികച്ച ബൗളർ.
ടെസ്റ്റ് ക്രിക്കറ്റിൽ പോയ വർഷം തകര്‍പ്പന്‍ പ്രകടനമാണ് പന്ത് പുറത്തെടുത്തത്. ഏഴ് മത്സരങ്ങളിൽ പാഡ് കെട്ടിയ താരം 680 റൺസാണ് അടിച്ചു കൂട്ടിയത്. ഇക്കാലയളവിൽ രണ്ട് സെഞ്ച്വറികളാണ് താരം തന്റെ പേരിൽ കുറിച്ചത്. അഞ്ച് മത്സരം കളിച്ച ബുംറ 22 വിക്കറ്റുകള്‍ സ്വന്തമാക്കി.
യുവതാരം ശ്രേയസ് അയ്യരെ ഏകദിന ഫോർമാറ്റിൽ ഏറ്റവും മികച്ച ബാറ്ററായി തെരഞ്ഞെടുത്തു. പേസ് ബോളർ മുഹമ്മദ് സിറാജാണ് മികച്ച ബോളർ. പോയ വർഷം 17 മത്സരങ്ങളിൽ നിന്നായി 724 റൺസാണ് ശ്രേയസ് അയ്യർ തന്റെ പേരിൽ കുറിച്ചത്. സിറാജ് 15 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റ് സ്വന്തമാക്കി.
പോയ വർഷത്തെ ഏറ്റവും മികച്ച ടി20 ബാറ്ററായി സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ടി20 ലോകകപ്പിലേയും ഏഷ്യാ കപ്പിലേയും പ്രകടനങ്ങളാണ് സൂര്യയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 31 മത്സരങ്ങളില്‍ നിന്നായി 1164 റണ്‍സാണ് താരം അടിച്ചെടുത്തത്. ഭുവനേശ്വര്‍ കുമാറാണ് മികച്ച ബോളര്‍. 32 മത്സരങ്ങള്‍ കളിച്ച ഭുവനേശ്വര്‍ 37 വിക്കറ്റാണ് സ്വന്തമാക്കിയത്.