'പരിശീലന മത്സരങ്ങൾ വേണം': ഇംഗ്ലണ്ടിന് മുന്നിൽ ബി.സി.സി.ഐ
ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പരിശീലന മത്സരങ്ങള്‍ ആവശ്യപ്പെട്ട് ബി.സി.സി.ഐ
ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പരിശീലന മത്സരങ്ങള്‍ ആവശ്യപ്പെട്ട് ബി.സി.സി.ഐ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോടാണ് ബി.സി.സി.ഐ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പരിശീലന മത്സരങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യ രംഗത്ത് എത്തിയത്.
പരിശീലന മത്സരങ്ങള്‍ കളിക്കാത്തത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെ ബാധിച്ചുവെന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ട്. അതേസമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് മുന്നോടിയായി ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെിരെ ടെസ്റ്റ് പരമ്പര കളിച്ചിരുന്നു. ഇത് അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്ന വിലയിരുത്തലും ഉണ്ട്.
അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായി രണ്ട് സന്നാഹ മത്സരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇടപെടുന്നത്. ഇക്കാര്യം സംബന്ധിച്ച് ഷാ, ഇന്ത്യന്‍ ടീം മാനേജ്മെന്റുമായി സംസാരിച്ചു. മാനേജ്മെന്റും പരിശീലന മത്സര്യം ആവശ്യമാണെെന്ന നിലപാടിലാണ്.
അതേസമയം ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് മൂന്ന് ആഴ്ചത്തെ വിശ്രമം നല്‍കിയിരിക്കുകയാണ്. ഓഗസ്റ്റ് നാലാം തീയതി ട്രെന്റ് ബ്രിഡ്ജിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുക. നിലവില്‍ കളിക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. പക്ഷെ ടീമിന്റെ ആവശ്യത്തിനായി വിളിച്ചാല്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണം.