വിരമിക്കുന്നു, മടങ്ങിവരുന്നു; അലിക്ക് പിന്നാലെ സ്റ്റോക്‌സും തിരുത്തി, വീണ്ടും ഏകദിന ടീമിൽ
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ടീമിൽ നിർണായക മാറ്റങ്ങൾ
ലണ്ടൻ: ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനും ഓൾറൗണ്ടറുമായ ബെൻസ്‌റ്റോക്സ് വിരമിക്കൽ തീരുമാനം പിൻവലിച്ച് ഏകദിന ടീമിൽ തിരിച്ചെത്തി. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ സ്റ്റോക്‌സും ഉൾപ്പെട്ടു.
2019 ലോകകപ്പ് ഫൈനലിലെ താരമാണ് ബെൻ സ്റ്റോക്‌സ്. കഴിഞ്ഞ ജൂലൈയിലാണ് സ്റ്റോക്‌സ് ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ ഏകദിന ഫോർമാറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം. ഇന്ത്യയിൽ കളിച്ച് പരിചയമുള്ള സ്റ്റോക്‌സിനെ ഏകദിന ലോകകപ്പിലേക്ക് ഇംഗ്ലണ്ട് ആദ്യമെ നോക്കിയിരുന്നു.
ഏകദിനത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്റ്റോക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സ്റ്റോക്‌സ് വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞത്. അതേസമയം സ്റ്റോക്‌സ് തന്നെ ഇംഗ്ലണ്ടിനെ ടെസ്റ്റിൽ നയിക്കുന്നത് തുടരും. ഏകദിനത്തിൽ ജോസ് ബട്‌ലറാണ് ടീമിനെ നയിക്കുന്നത്.
നേരത്തെ ടെസ്റ്റിൽ നിന്ന് വിരമിച്ച മുഈൻ അലിയെ പ്രത്യേകം സാഹചര്യം പരിഗണിച്ച് ആഷസ് ടീമിലേക്ക് തിരികെ വിളിച്ചിരുന്നു. സ്റ്റോക്‌സ് മുൻകൈ എടുത്താണ് അലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നത്. ഇതെ മാതൃക തന്നെയാണ് ഇപ്പോള്‍ സ്റ്റോക്സിന്റെ കാര്യത്തിലും വന്നിരിക്കുന്നത്.
ന്യൂസിലാന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന ടീം ഇങ്ങനെ: ജോസ് ബട്ട്‌ലർ (നായകന്‍), മുഈൻ അലി, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്സ്