രാഹുൽ - ഹൂഡ വെടിക്കെട്ട് ; ഡൽഹിക്കെതിരെ ലക്‌നൗവിന് കൂറ്റൻ സ്‌കോർ
ക്യാപ്റ്റൻ കെ.എൽ രാഹുലും ദീപക്ക് ഹൂഡയും നേടിയ അർധസെഞ്ച്വറിയുടെ ബലത്തിലാണ് ലക്‌നൗ കൂറ്റൻ സ്‌കോർ നേടിയത്
മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്‌നൗ സുപ്പർ ജയന്റ്‌സിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ 195 റൺസെടുത്തു.
ക്യാപ്റ്റൻ കെ.എൽ രാഹുലും ദീപക്ക് ഹൂഡയും നേടിയ അർധസെഞ്ച്വറിയുടെ ബലത്തിലാണ് ലക്‌നൗ കൂറ്റൻ സ്‌കോർ നേടിയത്. രാഹുൽ 51 ബോളിൽ 5 സിക്‌സറുകളും 4 ഫോറുകളുമുൾപ്പടെ 77 റൺസെടുത്തു. ഒരു സിക്‌സറും 6 ഫോറും നേടി ഹൂഡ 52 റൺസെടുത്തു.
മികച്ച തുടക്കമായിരുന്നു ലക്‌നൗവിന് ലഭിച്ചത്. സ്‌കോർ 42 എത്തിനിൽക്കെ ഓപ്പണർ ക്വിന്റൻ ഡീക്കോക്ക് പുറത്തായെങ്കിലും പിന്നീടെത്തിയ ദീപക്ക് ഹൂഡയും ക്യാപ്റ്റൻ കെ.എൽ രാഹുലും ചേർന്ന് സ്‌കോർ ഉയർത്തി. 15ാം ഓവറിൽ ഹൂഡ പുറത്തായെങ്കിലും സ്‌കോർ 137 ൽ എത്തിയിരുന്നു.സ്‌കോർ 176 എത്തിനിൽക്കെയാണ് ക്യാപ്റ്റൻ കെ.എൽ രാഹുൽ പുറത്തായത്.ഡൽഹിക്ക് വേണ്ടി ശർദൂൽ ഠാക്കൂർ മൂന്ന് വിക്കറ്റെടുത്തു.