പാകിസ്താനെ അടിച്ചു പരത്തി ഫിൻ അലൻ; സിക്‌സറിൽ ട്വന്റി 20 ലോക റെക്കോർഡ്
16 സിക്‌സുമായി അഫ്ഗാൻ താരം ഹസ്‌റത്തുല്ല സസായുടെ റെക്കോർഡിന് ഒപ്പമെത്താനും അലന് കഴിഞ്ഞു.
ഡുനെഡിൻ: ന്യൂസിലാൻഡ് പര്യടനത്തിൽ പാകിസ്താനെ അടിച്ചുപരത്തി ലോക റെക്കോർഡിട്ട് ഫിൻ അലൻ. ഒരിന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സ് എന്ന നേട്ടമാണ് യുവതാരം സ്വന്തമാക്കിയത്. 16 സിക്്‌സുമായി അഫ്ഗാൻ താരം ഹസ്‌റത്തുല്ല സസായുടെ റെക്കോർഡിന് ഒപ്പമെത്താനും കഴിഞ്ഞു. ഓപ്പണറായി ഇറങ്ങിയ അലൻ 62 പന്തുകളിൽ നിന്നായി അഞ്ച് ഫോറും 16 സിക്‌സുമായി 137 റൺസ് നേടി കിവീസ് വിജയത്തിൽ നിർണായകമായി.
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരു ന്യൂസീലാൻഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 124 റൺസെടുത്ത സുസി ബാറ്റ്‌സ്, 123 റൺസെടുത്ത ബ്രണ്ടൻ മക്കല്ലം എന്നിവരെയാണ് അലൻ മറികടന്നത്. ഇതാദ്യമായാണ് കിവീസ് താരം 10 ലധികം സിക്‌സുകൾ ഒരിന്നിങ്‌സിൽ നേടുന്നത്. മുമ്പ് കോളിൻ മുൻറോയും കോറി ആൻഡേഴ്‌സണും 10 വീതം സിക്‌സുകൾ നേടിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് തുടക്കം മുതൽ പിഴച്ചു. ഹാരിസ് റൗഫ്, ഷഹീൻ ഷാ അഫ്രീദി, സമാൻ ഖാൻ തുടങ്ങി പേസ് ബൗളർമാരെല്ലാം അലന് മുന്നിൽ നിസഹായരായി. ഏഴ് റൺസുമായി ഓപ്പണർ ഡെവൻ കോൺവെ വേഗത്തിൽ പുറത്തായെങ്കിലും 31 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സെയ്‌ഫെർട്ട് മികച്ച പിന്തുണ നൽകി. 20 ഓവറിൽ ന്യൂസീലാൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി.
മറുപടി ബാറ്റിങിൽ പാകിസ്താൻ പോരാട്ടം ഏഴിന് 179 റൺസിൽ അവസാനിച്ചു. 58 റൺസെടുത്ത ബാബർ അസമാണ് ടോപ് സ്‌കോറർ. മുഹമ്മദ് റിസ്വാൻ 24 റൺസെടുത്ത് പുറത്തായി. ടീം സൗത്തി രണ്ട് വിക്കറ്റുമായി തിളങ്ങി. തുടർച്ചയായ മൂന്നാം ജയത്തോടെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാനും കിവീസിനായി.