'അവിടെ കഴിവുണ്ട് പിന്നെ ഗില്ലുമുണ്ട്, അടുത്ത തലമുറയെ നയിക്കൂ..'; ഗില്ലിന് ആശംസകൾ നേർന്ന് കോഹ്‌ലി
ഹൈദരാബാദിനെതിരായ സെഞ്ച്വറിയോടെ മറ്റൊരു ലോക റെക്കോർഡും 23 കാരന്‍ തന്റെ പേരിലാക്കി
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം ഹൈദരബാദിനെതിരെ ഗുജറാത്തിന്റെ ജയം അനായാസമായിരുന്നു. കളിയിൽ ഗുജറാത്തിന്റെ നട്ടെല്ലായത് ശുഭ്മൻ ഗില്ലും. കളിയിൽ സെഞ്ച്വുറി നേടിയ ഗിൽ മറ്റൊരു അപൂർവ്വ റെക്കോർഡും തന്റെ പേരിലാക്കിയാണ് കളം വിട്ടത്. ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റ്, ഏകദിനം, ടി20ഐപിഎൽ എന്നിവയിൽ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി ശുഭ്മാൻ ഗിൽ ലോക റെക്കോർഡ് സൃഷ്ടിച്ചത്.
വിരാട് കോഹ്‌ലി ഗില്ലിനെ അഭിനന്ദിച്ച് രംഗത്തെത്തി. 'അവിടെ കഴിവുണ്ട്, പിന്നെ ഗില്ലുമുണ്ട്. മുന്നോട്ട് പോകൂ, അടുത്ത തലമുറയെ നയിക്കൂ. ദൈവം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ,' കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അടുത്ത തലമുറയുടെ റോൾ മോഡലായി യുവ ബാറ്റർ ഗില്ലിനെ ഉയർത്തിക്കാട്ടുകയാണ് കോഹ്‌ലി.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 58 പന്തിൽ 101 റൺസ് നേടിയാണ് ഗുജറാത്ത് താരം തിളങ്ങിയത്. ഐപിഎൽ 2023-ൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരവുമാണ് നിലവിൽ ഗിൽ. 13 മത്സരങ്ങളിൽ നിന്ന് 146 സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളും ഉൾപ്പെടെ 576 റൺസാണ് താരത്തിന്റെ സംഭാവന. ഒമ്പത് കളികളിൽ നിന്ന് 624 റൺസുമായി ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ഗിൽ.
ഞാൻ കോഹ്ലി ഭായിയെയാണ് കണ്ടാണ് ക്രിക്കറ്റ് മനസ്സിലാക്കാൻ തുടങ്ങിയത്. അന്ന് മുതൽ അദ്ദേഹത്തിന്റെ ഫാനാണ്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിച്ചു. അദ്ദേഹത്തിന്റെ ബാറ്റിങ്ങും ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയും എന്നെ പ്രചോദിപ്പിക്കുന്നതാണെന്ന് ഗിൽ നേരത്തെ പറഞ്ഞിരുന്നു.