തകർത്തടിച്ച് ലിറ്റൺ; ബംഗ്ലാദേശിന് മികച്ച തുടക്കം
നിലവിൽ 3 ഓവറിൽ 30 റൺസാണ് ബംഗ്ലാദേശ് എടുത്തിട്ടുള്ളത്
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് മികച്ച തുടക്കം. ലിറ്റൺ ദാസാണ് ബംഗ്ലാദേശിന് വെടിക്കട്ട് തുടക്കം സമ്മാനിച്ചത്. നിലവിൽ 3 ഓവറിൽ 30 റൺസാണ് ബംഗ്ലാദേശ് എടുത്തിട്ടുള്ളത്. ലിറ്റൺ 11 പന്തിൽ 28 റൺസ് എടുത്തിട്ടുണ്ട്.
അതേസമയം, ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മത്സരത്തിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോർ ഉയർന്നു. വിമർശകരുടെ വായ അടപ്പിച്ച് രാഹുൽ അർധസെഞ്ച്വറിയും നേടി. 32 പന്തിൽ രാഹുൽ 52 റൺസാണ് നേടിയത്.
ഇന്ത്യയുടെ സ്‌കോർ 78 എത്തിനിൽക്കെ രാഹുൽ പുറത്തായെങ്കിലും പിന്നീടെത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 30 റൺസെടുത്ത് സൂര്യകുമാർ പുറത്തായെങ്കിലും ഒരറ്റത്ത് നിന്ന് കോഹ്‌ലി ഉയർത്തി. ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കൂറ്റൻ സ്‌കോറിലേക്ക് എത്തുന്നതിന് തിരിച്ചടിയായി.
അവസാന ഓവറുകളിൽ ആർ.അശ്വിനും കോഹ്‌ലിയും തകർത്തടിച്ചതോടെ സ്‌കോർ 184 എത്തുകയായിരുന്നു. കോഹ്‌ലി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അസൻ മഹ്മൂദ് മൂന്നും ഷക്കീബ് അൽഹസൻ രണ്ടു വിക്കറ്റും നേടി.
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. ദീപക്ക് ഹൂഡയക്ക് പകരം അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശും ഒരു മാറ്റവുമായിട്ടാണ് ഇന്ത്യയെ നേരിടുന്നത്. സൗമ്യ സർക്കാരിന് പകരം ഷൊരിഫുൽ ഇസ്ലാം ടീമിൽ ഇടംപിടിച്ചു.ബംഗ്ലാദേശിനൊപ്പം മഴയും ഇന്ത്യയ്ക്ക് ഭീഷണിയാകുന്നുണ്ട്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പെയ്തത്. മഴ പെയ്യാൻ 70 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിവരം. ബംഗ്ലാദേശിനെതിരെയും സിംബാബ്വേയ്ക്കുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാണ്.
മഴ മത്സരം തടസ്സപ്പെടുത്തിയാലും ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് തിരിച്ചടിയാകും. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇന്ത്യക്കും ബംഗ്ലാദേശിനും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാൽ ഇരുടീമുകൾക്കും അഞ്ചു പോയിന്റ് വീതമാവും. നിലവിൽ ഗ്രൂപ്പിൽ മൂന്നു മൽസരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു തോൽവിയുടമക്കം നാലു പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.
അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. ഇന്ത്യയുടെ അതേ പോയിന്റോടെ ബംഗ്ലാദേശ് ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തുമുണ്ട്. രണ്ട് കളി ജയിച്ച ബംഗ്ലാദേശ് റൺ നിരക്കിലാണ് ഇന്ത്യക്കുപിന്നിലായത്.