അഡ്‌ലെയിഡിൽ കൊമ്പുകോർത്ത് ഹെഡും സിറാജും; ഓസീസ് താരം ബൗൾഡായതിന് പിന്നാലെ സംഭവിച്ചത്-വീഡിയോ

സിറാജിന്റെ പെരുമാറ്റം അനാവശ്യമായിപോയെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു

Update: 2024-12-07 14:27 GMT
Editor : Sharafudheen TK | By : Sports Desk
Advertising

അഡലെയ്ഡ്: ബോർഡർ-ഗവാസ്‌കർ ട്രോഫി രണ്ടാം ടെസ്റ്റിനിടെ ചൂടൻ വാക്കേറ്റം. ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീണതിന് പിന്നാലെയാണ് മുഹമ്മദ് സിറാജും-ഹെഡും കൊമ്പു കോർത്തത്. മടങ്ങുന്നതിനിടെ ഇന്ത്യൻ താരത്തെ നോക്കി ഓസീസ് ബാറ്റർ കമന്റ് ചെയ്യുന്നതും ഇതിന് മറുപടിയായി കണ്ണുരുട്ടി ഗ്യാലറിയിലേക്ക് കൈചൂണ്ടുന്ന സിറാജിന്റേയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യൻ പേസറുടെ ഓവറിൽ സിക്‌സും ഫോറും നേടിയ ശേഷമാണ് 30 കാരൻ ക്ലീൻബൗൾഡായത്. 141 പന്തിൽ 140 റൺസെടുത്ത ഹെഡാണ്  ഓസീസ് നിരയിലെ ടോപ് സ്‌കോറർ.

മത്സരത്തിന് പിന്നാലെ താൻ എന്താണ് സിറാജിനോട് സംസാരിച്ചതെന്ന് വ്യക്തമാക്കി ഹെഡ് തന്നെ രംഗത്തെത്തി. '' നന്നായി പന്തെറിഞ്ഞുവെന്നാണ് സിറാജിനോട് പറഞ്ഞത്. എന്നാൽ അദ്ദേഹം മറിച്ചാണ് ചിന്തിച്ചത്. സംഭവത്തിൽ നിരാശയുണ്ട്. അവർക്ക് അങ്ങനെയാണ് പ്രതികരിക്കാൻ കഴിയുന്നതെങ്കിൽ അതങ്ങനെ തന്നെയാകട്ടെ''-ഫോക്‌സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ ഹെഡ് പറഞ്ഞു.

 എന്നാൽ ഓസീസ് ബാറ്റർ പറയുന്നത് തെറ്റാണെന്നാണ് ഇന്ത്യൻ ആരാധകരുടെ പക്ഷം. ഹെഡിന്റെ മുഖഭാവം വ്യക്തമാക്കുന്നത് ഇത്തരമൊരു പ്രതികരണം നടത്തിയതുപോലെയല്ല. സ്ലെഡ്ജിങിൽ ഓസീസ് താരങ്ങൾ ഒട്ടുംപിന്നിലല്ലെന്നും സമൂഹ മാധ്യമങ്ങളിൽ ആരാധകർ കമന്റ് ചെയ്തു. സംഭവത്തിൽ സിറാജിനെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ വിമർശിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തി അനാവശ്യമായി പോയെന്നാണ് ഗവാസ്‌കർ പറഞ്ഞത്. സെഞ്ച്വറി നേടിയ ഒരു കളിക്കാരനെ യാത്രയാക്കേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും കൈയ്യടിച്ചാണ് യാത്രയാക്കിയതെങ്കിൽ സിറാജ് ഹീറോയായി മാറിയേനെയെന്നും അദ്ദേഹം കൂട്ടിചേർത്തു.

അഡലൈഡ് ടെസ്റ്റിൽ നേരത്തെയും സിറാജ് ദേഷ്യപ്പെട്ട് പ്രതികരിച്ചിരുന്നു. റണ്ണപ്പ് നടത്തിയ ശേഷം ബാറ്റിങിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് പന്ത് വിക്കറ്റ് കീപ്പർക്ക് നേരെ സിറാജ് വലിച്ചെറിഞ്ഞിരുന്നു. ആദ്യദിനത്തിൽ നിറംമങ്ങിയെങ്കിലും രണ്ടാംദിനത്തിൽ നാല് വിക്കറ്റുമായി ബുംറക്കൊപ്പം മികച്ച പ്രകടനമാണ് ഇന്ത്യൻ പേസർ നടത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News