ചാമ്പ്യൻസ് ട്രോഫിയിൽ പന്തിനെയല്ല,സഞ്ജുവിനെയാണ് പരിഗണിക്കേണ്ടത്; മുൻ ഇന്ത്യൻ താരം
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതികരണം
മുംബൈ: ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വരാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ടീം സെലക്ഷനിൽ ഋഷഭ് പന്തിനേക്കാൾ മികച്ച ചോയ്‌സ് സഞ്ജുവാണെന്ന് ഭാജി യൂട്യൂബ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ചപ്പോൾ ബാക്അപ്പ് കീപ്പറായി ധ്രുവ് ജുറേലിനെയാണ് പരിഗണിച്ചത്.
''സഞ്ജു അല്ലെങ്കിൽ പന്ത് ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയതിനാൽ സഞ്ജുവിനെ പരിഗണിക്കണം. ഋഷഭ് ആസ്‌ത്രേലിയയിൽ നന്നായി കളിച്ചു. ദീർഘപര്യടനമായിരുന്നു അത്. വിശ്രമം ആവശ്യമാണ്''-ഹർഭജൻ പറഞ്ഞു.
അതേസമയം, ഐസിസി ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം അവസാനദിനം അടുത്തിരിക്കെ ബിസിസിഐ, ഐസിസിയോട് സമയം നീട്ടി ചോദിച്ചതായും റിപ്പോർട്ടുണ്ട്. വരുന്ന വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ ആയിരിക്കും ടീം പ്രഖ്യാപനമുണ്ടാകുക. വിക്കറ്റ് കീപ്പറായി ആരെ തെരഞ്ഞെടുക്കണമെന്നതാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധി. കെ.എൽ രാഹുൽ ഒന്നാം വിക്കറ്റ് കീപ്പറാവുമെങ്കിലും ബാക്ക് അപ്പായി ആരെ സെലക്ട് ചെയ്യണമെന്നതാണ് ആശങ്കയാകുന്നത്. വാഹനാപകടത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പന്ത് 2024 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ ഒരു ഏകദിനം മാത്രമാണ് കളിച്ചത്. 2023 ഡിസംബറിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച അവസാന ഏകദിനത്തിലും അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു.