അഞ്ചാംദിനവും കളിമുടക്കി മഴ; ഇന്ത്യ-ഓസീസ് ഗാബ ടെസ്റ്റ് സമനിലയിൽ
ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം
ബ്രിസ്ബേൻ: ഇന്ത്യ-ആസ്‌ത്രേലിയ ബോർഡർ ഗാവസ്‌കർ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയിൽ. ഗാബയിൽ മഴ കാരണം മത്സരം കളി തുടരാനാവാത്ത സാഹചര്യത്തിൽ സമനിലയിൽ കലാശിക്കുകയായിരുന്നു. ഇതോടെ പരമ്പര 1-1 സമനിലയിലായി. ഓസ്ട്രേലിയ ഉയർത്തിയ 275 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് റൺസ് എടുത്തുനിൽക്കവേയാണ് മഴയെത്തിയത്. ട്രാവിസ് ഹെഡിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്‌കോർ: ഓസ്ട്രേലിയ: 445 & 89/7, ഇന്ത്യ: 260 & 8/0.
നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറ, രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരാണ് ഓസീസിനെ തകർത്തത്. 22 റൺസ് നേടിയ പാറ്റ് കമ്മിൻസാണ് ഓസീസിന്റെ ടോപ് സ്‌കോറർ. അലക്സ് ക്യാരി 20 റൺസുമായി പുറത്താവാതെ നിന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോർബോർഡിൽ എട്ട് റൺസ് മാത്രമാണ് കൂടുതലായി ചേർക്കാനായത്. ആകാശ് ദീപിന്റെ (31) വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുംറ (10) പുറത്താവാതെ നിന്നു. 185 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.
ഉസ്മാൻ ഖവാജയുടെ (8) വിക്കറ്റാണ് ആതിഥേയർക്ക് ആദ്യം നഷ്ടമായത്. പിന്നാലെ മർനസ് ലബുഷെയ്‌നും (1) കൂടാരം കയറി. നതാൻ മക്‌സ്വീനിയെ (4) ആകാശ് ദീപ് പുറത്താക്കി. ഏകദിന ശൈലിയിൽ സ്‌കോറിംഗ് വേഗമുയർത്താനാണ് ഓസീസ് ശ്രമിച്ചത്. ഒടുവിൽ 89-7 എന്ന നിലയിൽ നിൽക്കെ രണ്ടാം ഇന്നിങ്‌സ് ഡിക്ലെയർ ചെയ്യുകയായിരുന്നു.