നന്ദി അശ്വിൻ; ഗാബ ടെസ്റ്റിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിന്നർ

ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലുമായി 775 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം

Update: 2024-12-18 07:45 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ബ്രിസ്‌ബെയിൻ: ബോർഡർ-ഗവാസ്‌കർ ട്രോഫി മൂന്നാം ടെസ്റ്റിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെ അപ്രതീക്ഷിതമായായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നറുടെ പ്രഖ്യാപനമെത്തിയത്.കഴിഞ്ഞ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിലും ഈ ടെസ്റ്റിൽ അശ്വിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല.

മത്സരത്തിന്റെ അഞ്ചാം ദിനം ഡ്രെസിങ് റൂമിൽ വെച്ച് വിരാട് കോഹ്ലിയും അശ്വിനും തമ്മിലുള്ള സംസാരത്തിനിടെ ഇരുവരും വൈകാരികമായി സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ സമയത്തു തന്നെ അശ്വിൻ വിരമിക്കുമോ എന്ന ചർച്ചകൾ ഉയർന്നിരുന്നു. അതിനു ശേഷം മിനിറ്റുകൾക്കുള്ളിലാണ് താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന കാര്യം അശ്വിൻ എക്‌സിൽ കുറിക്കുകയായിരുന്നു.

'ഏറെ ആലോചിച്ചതിനു ശേഷം ഞാൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുക്കുകയാണ്. ഒരുപാട് മറക്കാനാവാത്ത മുഹൂർത്തങ്ങൾ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. എന്റെ പരിശീലകർക്കും കൂടെ കളിച്ചവർക്കും ആരാധകർക്കും നന്ദി. ടെസ്റ്റ് ക്രിക്കറ്റ് എന്നും എന്റെ മനസിലുണ്ടാവും' അശ്വിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അനിൽ കുംബ്ലെക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായ അശ്വിൻ നിർണായക മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ രക്ഷക്കെത്തിയ താരമാണ്. 13 വർഷത്തെ ദീർഘകരിയറിലായി 537 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 106 ടെസ്റ്റിലും 116 ഏകദിനത്തിലും 65 ടി20യിലും താരം കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലുമായി 775 വിക്കറ്റാണ് നേടിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News