തീപ്പന്തുമായി ബുംറ; ശ്രീലങ്കയെ 109 റണ്‍സിന് കൂടാരം കയറ്റി ഇന്ത്യ, ഒന്നാമിന്നിംഗ്സ് ലീഡ്
രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തിട്ടുണ്ട്
ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ മിന്നും പ്രകടനത്തിന്‍റെ മികവിൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ 109 റൺസിന് കൂടാരം കയറ്റി ഇന്ത്യ. ഇതോടെ ഇന്ത്യക്ക് 192 റൺസിന്‍റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. ഒന്നാമിന്നിംഗ്‌സിൽ തങ്ങളെ എറിഞ്ഞിട്ടിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന കാഴ്ചയാണ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. ബുംറ പത്തോവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്.
ആറിന് 86 എന്ന നിലയിൽ ഇന്ന് കളി തുടങ്ങിയ ശ്രീലങ്കയെ സ്‌കോർ ബോർഡിൽ 23 റൺസ് കൂടെ കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യ കൂടാരം കയറ്റി. ശ്രീലങ്കക്കായി 43 റൺസെടുത്ത ലെഹരു തിരുമന്നെ മാത്രമാണ് അൽപ്പമെങ്കിലും പൊരുതി നോക്കിയത്. ശ്രീലങ്കയുടെ എട്ട് ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇന്ത്യക്കായി ആർ.അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്‌സർ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി.
രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തിട്ടുണ്ട്. 29 റൺസെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമയും ആറ് റൺസെടുത്ത ഹനുമ വിഹാരിയുമാണ് ക്രീസിൽ. 22 റൺസെടുത്ത ഓപ്പണർ മായങ്ക് അഗർവാൾ പുറത്തായി.
നേരത്തെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 252 റൺസിന് പുറത്തായിരുന്നു. 92 റൺസെടുത്ത ശ്രേയസ് അയ്യറാണ് ഇന്ത്യക്കായി തിളങ്ങിയത്.