പിങ്ക് ബോൾ ടെസ്റ്റ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം
മഴ വില്ലനായ ആദ്യദിനം 44 ഓവറുകൾ മാത്രമാണ് മത്സരം നടന്നത്
ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിട്ടുണ്ട്. മഴ വില്ലനായ ആദ്യദിനം 44 ഓവറുകൾ മാത്രമാണ് മത്സരം നടന്നത്.
പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ സ്മൃതി മന്ഥാന മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷഫാലി വർമയുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷെഫാലിയുടെ വിക്കറ്റ് മാത്രമാണ് ഒന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. 31 റൺസെടുത്ത താരത്തെ സോഫി മോളിനെക്സ് ടഹില മഗ്രാത്തിന്റെ കൈയ്യിലെത്തിച്ചു. 80 റൺസുമായി പുറത്താകാതെ നിൽക്കുന്ന സ്മൃതി മന്ഥാനയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടെസ്റ്റ് ക്രിക്കറ്റിൽ സ്മൃതിയുടെ ഉയർന്ന സ്‌കോറാണിത്. ഒപ്പം 16 റൺസെടുത്ത് പൂനം റാവത്തും ക്രീസിലുണ്ട്. ഇന്ത്യൻ വനിതാ ടീം ഇതാദ്യമായാണ് പിങ്ക് ബോൾ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് കളിക്കുന്നത്. പരിക്കുമൂലം ഹർമൻപ്രീത് കളിക്കുന്നില്ല.