ഇംഗ്ലണ്ട് തന്ത്രത്തിനൊരു മറുതന്ത്രം; ബാസ്ബാൾ കളിക്കാൻ ഇന്ത്യക്കുമറിയാം
ഇംഗ്ലീഷുകാർ ഓമന പേരിട്ടുവിളിക്കുന്ന ഈ ശൈലി ഇന്ത്യ ഇതിന് മുൻപ് പലകുറി പരീക്ഷിച്ചതാണ്. ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗ് ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയുമെല്ലാം നേടിയത് ബൗളർമാരെ ആക്രമിച്ചുകളിച്ചാണ്.
ഹൈദരാബാദ്: വിരസമായ സമനിലയിൽ നിന്നുമാറി ടെസ്റ്റ് മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നതാണ് സമീപ കാലത്ത് കണ്ടുവരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ വരവോടെ അവസാന ദിനങ്ങൾ വിജയ പരാജയങ്ങൾ നിർണയിക്കുന്നതായി. ഇവിടെയാണ് ഇംഗ്ലണ്ട് ആവിഷ്‌കരിച്ച ബാസ്ബാൾ ക്രിക്കറ്റ് ശൈലിയുടെ പ്രധാന്യവും. കൂടുതൽ പന്തുകൾ നേരിട്ട് ബൗളർമാരെ മാനസികമായി തളർത്തി ആധിപത്യം പുലർത്തി മത്സരം കൈപിടിയൊതുക്കുക മാത്രമല്ല റെഡ്‌ബോൾ ക്രിക്കറ്റ്, തുടക്കം മുതൽ ആക്രമിച്ച് കളിച്ച് എതിരാളികൾക്ക്‌മേൽ മേധാവിത്വം പുലർത്തുകയെന്നത് കൂടിയാണെന്ന് ഇംഗ്ലണ്ട് ടീം പയറ്റി തെളിയിച്ച ശൈലി.
ഇംഗ്ലണ്ടിനെ ബാസ്ബാളിലേക്കെത്തിച്ചത്
ആഷസ് പരമ്പരയെന്നാൽ ഇംഗ്ലണ്ടിനും ഓസീസിനും ലോക കപ്പിനോളം പ്രാധാന്യമുള്ളതാണ്. ഒരുപിടി ചാരത്തിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമകൾ. 2021-22 ആഷസ് ടെസ്റ്റ് പരമ്പരയിൽ ഓസീസിന് മുന്നിൽ ഇംഗ്ലണ്ട് അടപടലം വീണു. വൈറ്റ് വാഷ് ചെയ്യപ്പെട്ടതോടെ(4-0) പരിശീലക സ്ഥാനത്തുനിന്ന് ക്രിസ് സിൽവർ വുഡിന് പടിയിറങ്ങേണ്ടിവന്നു. തുടർന്ന് മുൻ ഇംഗ്ലീഷ് താരം കോളിങ് വുഡ് താൽകാലിക ചുമതലയേറ്റെടുത്തെങ്കിലും തലവരമാറിയില്ല.
ഇതോടെയാണ് ന്യൂസിലാൻഡ് വെടിക്കെട്ട് ബാറ്റർ ബ്രെണ്ടൻ മക്കല്ലം പരിശീലക സ്ഥാനത്തേക്കെത്തുന്നത്. ടെസ്റ്റ് ടീം നായകനായി ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്‌സ് കൂടിയെത്തിയതോടെ പുതിയൊരു ട്വന്റി 20 കൂട്ടുകെട്ട് പിറന്നു. സ്ഥിരം ശൈലിയിൽ നിന്ന് തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന കുട്ടിക്രിക്കറ്റിലേക്കുള്ള ചുവടുമാറ്റം. ആദ്യ പരീക്ഷണ കളരിയായത് ന്യൂസിലാൻഡ്. പ്രതീക്ഷിച്ചതിലും അപ്പുറമായി റിസൽട്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. അവസാന ദിവസം റൺമല ചേസ് ചെയ്ത് വിജയിക്കാനാകുമെന്ന് തെളിയിക്കുന്നതായി ഈ മത്സരം. കളിക്കാരെല്ലാം ഈ ശൈലിയിലേക്ക് എത്തിയതോടെ പിന്നീടും ഇംഗ്ലണ്ടിന് അത്ഭുതങ്ങൾ തീർക്കാനായി. ഇതോടെ ബ്രണ്ടൻ മക്കല്ലത്തിന്റെ വിളിപ്പേരായ ബാസ് ചേർത്ത് ആരാധകർ ബാസ് ബാൾ എന്ന് വിളിച്ചു തുടങ്ങി.
ഇന്ത്യൻ സൗഹചര്യങ്ങളിൽ ബാസ്ബാളിന്റെ ഭാവി
സ്പിന്നിനെ തുണക്കുന്ന പിച്ചുകളാണ് ഇന്ത്യയിൽ ഭൂരിഭാഗവും. ഇംഗ്ലണ്ടിലേയും ആസ്‌ത്രേലിയയിലേയും പിച്ചുകളിൽ നിന്ന് ഏറെ വ്യത്യസ്തം. ബാസ് ബാൾ ശൈലിയ്ക്ക് അത്ര മികച്ചതല്ല ഇന്ത്യൻ സാഹചര്യം. മത്സരം പുരോഗമിക്കുന്തോറും പിച്ച് സ്പിൻ ബൗളർമാർക്ക് അനുകൂലമാകും. കുത്തിതിരിയുന്ന പന്തുകളെ ക്ഷമയോടെ കളിച്ചില്ലെങ്കിൽ വിക്കറ്റ് വീഴുന്ന അവസ്ഥ. ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ സംഭവിച്ചതും ഇതാണ്. ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കളിച്ച് വലിയ എക്‌സ്പീരിയൻസുള്ള മുഹമ്മദ് സിറാജിനെ അക്രമിച്ചാണ് ഓപ്പണർമാരായ സാക്ക് ക്രാലിയും ഡക്കറ്റും ആദ്യ സെഷൻ തുടങ്ങിയത്. നയം വ്യക്തം. നാല് ഓവറുകളിൽ 28 റൺസാണ് താരം വഴങ്ങിയത്.
എന്നാൽ ഇന്ത്യയുടെ വിശ്വസ്ത ബൗളറായ രവിചന്ദ്രൻ അശ്വിനെ പന്തേൽപിച്ചതോടെ ഇംഗ്ലണ്ട് ബാറ്റർമാർ പതുക്കെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. വിക്കറ്റ് വീഴ്ചയുടെ തുടക്കവും അവിടെ ആരംഭിച്ചു. നിശ്ചിത ഇടവേളകളിൽ വിക്കറ്റ് പിഴുത് ജഡേജയും അക്‌സർ പട്ടേലും മികച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് 246ൽ അവസാനിച്ചു. ഒരുഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും ബാസ്ബാൾ കൈവിടാതെ ബാറ്റ് വീശിയ ബെൻ സ്‌റ്റോക്‌സിന്റെ 70 റൺസാണ് ടീമിനെ 250 കടത്തിയത്.
അടിച്ചുറൺസെടുക്കുന്ന സേവാഗ് ശൈലി
ഇംഗ്ലീഷുകാർ ഓമന പേരിട്ടുവിളിക്കുന്ന ഈ ശൈലി ഇന്ത്യ ഇതിന് മുൻപ് പലകുറി പരീക്ഷിച്ചതാണ്. ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗ് ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയുമെല്ലാം നേടിയത് ബൗളർമാരെ ആക്രമിച്ചുകളിച്ചാണ്. ലോകോത്തര ടെസ്റ്റ് ബൗളർമാരായ മുത്തയ്യ മുരളീധരനടക്കം സേവാഗ് ശൈലിയെ പേടിയോടെയാണ് കണ്ടത്. അടുത്തിടെ അഭിമുഖത്തിൽ തനിക്ക് ഭീഷണിയായ ബാറ്ററായി ടെസ്റ്റിൽ ഏറ്റവുംകൂടുതൽ വിക്കറ്റ് നേടിയ താരം പറഞ്ഞതും ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറുടെ പേരാണ്. ഇപ്പോൾ നടക്കുന്ന ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യയുടെ യശ്വസി ജയ്‌സ്വാൾ സ്വീകരിച്ചതും ഇതുതന്നെയാണ്.
രോഹിത് ശർമ്മക്കൊപ്പം ഓപ്പണറുടെ റോളിൽ ഇറങ്ങിയ യുവതാരം 70 പന്തിൽ 76 റൺസുമായി ആദ്യദിനം അവസാനിക്കുംവരെയും ക്രീസിലുണ്ട്. ബാസ്ബാൾ പരീക്ഷിക്കാൻ ഇന്ത്യയിലേക്കെത്തിയ ഇംഗ്ലണ്ടിന് അതേ നാണയത്തിൽ മറുപടി. വരുംദിവസങ്ങളിൽ ഇംഗ്ലണ്ടിന്റെ ബാസ്ബാൾ ശൈലിയും ഇന്ത്യയുടെ മറുതന്ത്രവും തമ്മിലുള്ള പോരാട്ടമാണ് കാത്തിരിക്കുന്നത്.