വീണ്ടും വിസാ പ്രശ്‌നം; ഇംഗ്ലണ്ട് താരം രെഹാൻ അഹമ്മദിനെ ഗുജറാത്ത് വിമാനത്താവളത്തിൽ തടഞ്ഞു
നേരത്തെ ഇംഗ്ലണ്ട് താരം ഷുഹൈബ് ബഷീറും ഇന്ത്യയിലേക്ക് വരുന്നതിന് വിസാ തടസം നേരിട്ടിരുന്നു.
ബഡോദര: വിസാ കുരുക്കിൽ വിമാനത്താവളത്തിൽ കുടുങ്ങി ഇംഗ്ലണ്ട് താരം രെഹാൻ അഹമ്മദ്. ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റിന് മുൻപായി അബൂദാബിയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് ഗുജറാത്തിലെ വിമാനത്താവളത്തിൽ യുവതാരത്തെ തടഞ്ഞത്. വിസാ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇംഗ്ലണ്ട് ടീം താരങ്ങൾ എയർപോർട്ടിൽ കാത്തിരുന്നതായും റിപ്പോർട്ടുണ്ട്. രെഹാൻ അഹമ്മദിന് രണ്ട് ദിവസത്തെ താൽകാലിക വിസ അനുവദിച്ചതായും മത്സരത്തിന് മുൻപ് മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ, ടെസ്റ്റ് പരമ്പരക്കായി ഇന്ത്യയിലേക്ക് എത്തുന്നതിന് മറ്റൊരു സ്പിന്നറായ ഷുഹൈബ് ബഷീറും തടസം നേരിട്ടിരുന്നു. യാത്ര മുടങ്ങിയതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് മുൻപായി ടീമിനൊപ്പം ചേരാനും താരത്തിനായിരുന്നില്ല. ഇതോടെ ഷുഹൈബ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ടാം ടെസ്റ്റിലേക്ക് മാത്രമാണ് മടങ്ങിയെത്തിയത്. താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് മടങ്ങിവരവിന് തടസമായത്. വ്യാഴാഴ്ച ബഡോദരയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്.
ആദ്യ രണ്ട് കളികൾ വിജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും തുല്യത പാലിച്ചിരിക്കുകയാണ്. പരമ്പരയിൽ നിന്ന് പിൻമാറിയതിനാൽ വിരാട് കോഹ്ലിയും പരിക്ക് ഭേദമാകാത്തതിനാൽ കെ എൽ രാഹുലും ഇന്ത്യൻ നിരയിലുണ്ടാകില്ല. രാഹുലിന് പകരം ദേവ്ദത്ത് പടിക്കലിനെ ഇന്ത്യൻ സ്‌ക്വാർഡിൽ ഉൾപ്പെടുത്തി. ആദ്യ രണ്ട് ടെസ്റ്റ് കളിച്ച ശ്രേയസ് അയ്യരും വഡോദരയിൽ കളിക്കില്ല.