ഇനി കളിമാറും; ഐപിഎലിൽ പുതുതായി നടപ്പിലാക്കിയ മാറ്റങ്ങൾ ഇവയാണ്
സ്മാർട്ട് റിപ്ലേ സിസ്റ്റമാണ് പുതുതായി ആവിഷ്‌കരിച്ച മറ്റൊരു നവീന ആശയം.
ചെന്നൈ: ഐപിഎൽ 17ാം എഡിഷന് ഇന്ന് കളമൊരുങ്ങുമ്പോൾ സുപ്രധാനമായ ചില മാറ്റങ്ങൾ കൂടിയാണ് നടപ്പാകുക. അതിൽ പ്രധാനമാണ് ഒരു ഓവറിൽ രണ്ട് ബൗൺസർ എറിയാം എന്ന നിയമം. ബൗളർമാരുടെ ശവപറമ്പാകുന്ന ട്വന്റി 20 മത്സരങ്ങളിൽ ആശ്വാസം പകരുന്നാണ് ഗവേണിങ് കൗൺസിലിന്റെ ഈയൊരു തീരുമാനം. നേരത്തെ നിയപ്രകാരമുള്ള ഒരു ബൗൺസറായിരുന്നു അനുവദിച്ചിരുന്നത്. ആഭ്യന്തര ട്വന്റി 20യായ സയ്യിദ് മുഷ്താഖ് അലി മത്സരത്തിൽ വിജയകരമായി നടപ്പിലാക്കിയ ശേഷമാണ് പുതിയ സീസണിൽ പരീക്ഷിക്കാനൊരുങ്ങുന്നത്.
സ്മാർട്ട് റിപ്ലേ സിസ്റ്റമാണ് പുതുതായി നടപ്പിലാക്കിയ മറ്റൊരു നവീന ആശയം. തേർഡ് അമ്പയറുടെ ടിവി റിവ്യൂ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതാണിത്. ഇതിന്റെ ഭാഗമായി എട്ട് ഹൈസ്പീഡ് ക്യാമറയാണ് ഗ്യാലറിയുടെ വിവിധ ഭാഗങ്ങളിൽ ഘടിപ്പിക്കുക. റിയൽ ടൈം ചിത്രങ്ങൾ, വീഡിയോ അതിവേഗം തേർഡ് അമ്പയർക്ക് ലഭിക്കും. ഇതോടെ സെക്കന്റുകൾകൊണ്ടുതന്നെ അമ്പയർക്ക് കൃത്യമായ തീരുമാനമെടുക്കാനാവും.
നേരത്തെ അമ്പയർക്ക് ടിവി ബ്രോഡ്കാസ്റ്ററോട് ആവശ്യമായ വീഡിയോകൾ ആവശ്യപ്പെടേണ്ട സ്ഥിതിയായിരുന്നു. ഇത് ലൈവായി പ്രേക്ഷകർക്ക് കേൾക്കാമായിരുന്നു. ഇത് പലപ്പോഴും കൂടുതൽ സമയമെടുക്കുന്ന സ്ഥിതിയുമുണ്ടായി. ഇനി മുതൽ അമ്പയർക്ക് നേരിട്ട് പരിശോധിക്കാനുള്ള സംവിധാമാണ് ഒരുങ്ങുക. ഇതോടെ വളരെവേഗത്തിൽ റിസൾട്ട് ലഭ്യമാകുന്ന സാഹചര്യമൊരുങ്ങും. ഇംപാക്ട് പ്ലെയർ ഉൾപ്പെടെ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മാറ്റങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുക. ചെന്നൈയിലെ ചെപ്പോക്കിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക. എം എസ് ധോണിയും വിരാട് കോലിയും നേർക്കുനേർ വരുന്ന മത്സരമെന്നതിനാൽ ഇതിനംതന്നെ ശ്രദ്ധനേടികഴിഞ്ഞു. അപ്രതീക്ഷിതമായി ഇന്നലെ നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആർസിബിയുടെ ക്യാപ്റ്റൻ. പുരുഷൻമാരുടെ ഐപിഎല്ലിൽ ഇതുവരെ നേടാൻ കഴിയാത്ത കിരീടം ഇത്തവണ ഉയർത്തുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ ലക്ഷ്യം.