6, 6, 6, 4... കത്തിക്കയറി പത്താൻ, ഉജ്ജ്വലം ഓജ; ആസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ലെജൻഡ്‌സ് ഫൈനലില്‍
വെടിക്കെട്ടുമായി അർധസെഞ്ച്വറിയിലേക്ക് കുതിച്ച ബെൻ ഡങ്കിനെ സുരേഷ് റെയ്‌ന ഞെട്ടിപ്പിക്കുന്ന ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ശ്വാസം നേരെ വീണത്
റായ്പൂർ: ഓസീസിന്റെ വിഖ്യാത ബൗളർമാരെ നിലംപരിശാക്കി ഇർഫാൻ പത്താൻ അവസാന ഓവറുകലിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യ ലെജൻഡ്‌സ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഫൈനലിൽ. വിക്കറ്റ് കീപ്പർ നമാൻ ഓജയുടെ സെഞ്ച്വറിയോളം പോന്ന മാസ്റ്റർ ക്ലാസ് ഇന്നിങ്‌സ്(90*) ആണ് ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചത്.
ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിലാണ് ഇന്ത്യൻ ഇതിഹാസങ്ങളുടെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയൻ ലെജൻഡ്‌സ് 172 എന്ന വലിയ വിജയലക്ഷ്യമാണ് ഇന്ത്യയ്‌ക്കെതിരെ ഉയർത്തിയത്. ബെൻ ഡങ്ക്, നായകൻ ഷെയിൻ വാട്‌സൺ, അലെക്‌സ് ഡൂലൻ, കാമറോൺ വൈറ്റ് എന്നിവരുടെ ഇന്നിങ്‌സാണ് കങ്കാരുപ്പടയെ തുണച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ മുൻനിര താരങ്ങളെല്ലാം കൂടാരം കയറിയപ്പോൾ ഒരറ്റത്ത് ഓജ നിലയുറപ്പിച്ച് കളിക്കുകയായിരുന്നു. ഒടുവിൽ, ഇർഫാൻ പത്താന്റെ(37*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ കലാശപ്പോരിന് അര്‍ഹരാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് സംഘത്തിൽ ഓപണർമാരായ വാട്‌സൻ(21 പന്തിൽ ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 30), ഡൂലൻ(31 പന്തിൽ അഞ്ച് ബൗണ്ടറിയുമായി 35) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. മൂന്നാമനായി ഇറങ്ങിയ ബെൻ ഡങ്ക് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അതിർത്തി കടത്തി. അർധസെഞ്ച്വറിയിലേക്ക് കുതിച്ച താരത്തെ അഭിമന്യൂ മിഥുനിന്റെ പന്തിൽ ഞെട്ടിപ്പിക്കുന്ന ക്യാച്ചിലൂടെ സുരേഷ് റെയ്‌ന പിടികൂടുകയായിരുന്നു. 26 പന്തിൽ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയ ഡങ്ക് 46 റൺസാണ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ കാമറോൺ വൈറ്റ്(18 പന്തിൽ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 30) നടത്തിയ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ 171 എന്ന മികച്ച നിലയിലെത്തിയത്.
ഇന്ത്യൻ ബൗളർമാരിൽ യൂസുഫ് പത്താൻ, മിഥുൻ എന്നിവർ രണ്ടു വിക്കറ്റ് നേടി. രാഹുൽ ശർമയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു. സ്റ്റുവർട്ട് ബിന്നിയും മുനാഫ് പട്ടേലും ഒരു ഓവറിൽ 13 റൺസാണ് വാങ്ങിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ സൂപ്പർ താരവും നായകനുമായ സച്ചിൻ ടെണ്ടുൽക്കറെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. 11 പന്തിൽ 10 റൺസുമായാണ് സച്ചിൻ മടങ്ങിയത്. മൂന്നാമനായി ഇറങ്ങിയ റെയ്‌നയ്ക്കും അധികം ആയുസുണ്ടായില്ല. എട്ട് പന്തിൽ 11 റൺസുമായി താരവും പുറത്ത്. പിന്നീട് നാലാമനായെത്തിയ യുവരാജ് സിങ്ങിനെ കൂട്ടുപിടിച്ചാണ് ഓജ ഇന്ത്യയെ കരകയറ്റിയത്. എന്നാൽ, യുവരാജിനെ വാട്‌സൺ ക്ലീൻബൗൾഡാക്കി. 15 പന്തിൽ രണ്ട് ബൗണ്ടറി സഹിതം 18 റൺസുമായാണ് യുവരാജ് മടങ്ങിയത്. സ്റ്റുവർട്ട് ബിന്നി(രണ്ട്)യും യൂസുഫ് പത്താനും(ഒന്ന്) വന്ന വഴിക്കു തന്നെ കൂടാരം കയറി.
ഒടുവിൽ ഇർഫാൻ പത്താനാണ് ഇന്ത്യയെ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ രക്ഷകനായത്. ഓസീസ് ഇതിഹാസങ്ങളായ ബ്രെട്ട് ലീ, ഡേർക്ക് നാൻസ് എന്നിവർ എറിഞ്ഞ അവസാന ഓവറുകളിലായിരുന്നു താരം കത്തിക്കയറിയത്. നാൺസിനെ നാലു തവണയാണ് പത്താൻ ഗാലറിയിലേക്ക് പറത്തിയത്. 20-ാം ഓവർ എറിഞ്ഞ ബ്രെട്ട്‌ലീയെ ബൗണ്ടറി കടത്തി പത്താൻ ഇന്ത്യൻ വിജയം പൂർത്തിയാക്കി. ഓജ 62 പന്തിൽ ഏഴു ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 90 റൺസാണ് അടിച്ചെടുത്തത്. പത്താൻ 12 പന്തിൽ നാല് സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തി 37 റൺസുമെടുത്തു.
ഓസീസ് ബൗളർമാരിൽ നായകൻ ഷെയിൻ വാട്‌സൻ രണ്ടു വിക്കറ്റുമായി തിളങ്ങി. നഥാൻ റീഡൻ, ബ്രൈസ് മഗ്ഗെയിൻ, ജെയ്‌സൻ ക്രേഗ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ബ്രെട്ട് ലീ 3.2 ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി ഇന്ത്യൻ മുൻനിരയെ വരിഞ്ഞുമുറുക്കുകയും ചെയ്തു.
Summary: Naman Ojha 90*, Irfan Pathan's quick fire cameo hand India Legends finals berth, beat Australia Legends by 5 wickets in Road Safety World Series