അന്ന് വഴങ്ങിയത് നാല് പന്തില്‍ നാല് സിക്സര്‍, ഇന്ന് നാല് പന്തില്‍ നാലുവിക്കറ്റ്; വീരനായകനായി ഹോള്‍ഡര്‍
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര സ്വന്തമാക്കി വെസ്റ്റിൻഡീസ്
അവസാന ഓവർവരെ ആവേശം അലയടിച്ച മത്സരത്തിൽ ഇംഗ്ലണ്ടിനെ 17 റൺസിന് തകർത്ത് വെസ്റ്റിൻഡീസ് ടി-20 പരമ്പര സ്വന്തമാക്കി. അവസാന ഓവറിൽ പേസ് ബൗളർ ജെയ്‌സൺ ഹോൾഡർ നടത്തിയ മിന്നും പ്രകടനത്തിന്റെ മികവിലാണ് വെസ്റ്റിൻഡീസിന്റെ വിജയം. അവസാന ഓവറിൽ തുടർച്ചയായ നാലുപന്തുകളിൽ ജെയ്‌സൺ ഹോൾഡർ നാലുവിക്കറ്റ് വീഴ്ത്തി ഡബിൾ ഹാട്രിക്ക് തികച്ചു. ടി-20 യിൽ ഹാട്രിക്ക് തികക്കുന്ന ആദ്യ വെസ്റ്റിൻഡീസ് ബൗളർ കൂടെയാണ് ഹോൾഡർ. രണ്ട്, മൂന്ന് നാല്, അഞ്ച് പന്തുകളിൽ ക്രിസ് ജോർദാൻ, ആദിൽ റഷീദ്, സാഖിബ് മഹ്‌മൂദ്, സാം ബില്ലിങ്‌സ് എന്നിവരെയാണ് ഹോൾഡർ പുറത്താക്കിയത്.
കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ മുഈൻ അലി ജയ്‌സൺ ഹോൾഡറെ തുടർച്ചയായ നാലുപന്തുകളിൽ സിക്‌സർ പറത്തിയിരുന്നു. ഈ കളങ്കം നാലു പന്തിൽ നാലു വിക്കറ്റ് വീഴ്ത്തി, ടീമിന് വിജയവും പരമ്പരയും നേടിക്കൊടുത്താണ് ഹോൾഡർ മായ്ച്ചു കളഞ്ഞത്. ഹോൾഡർ തന്നെയാണ് കളിയുടേയും പരമ്പരയുടേയും താരം.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. 41 റൺസെടുത്ത കീറൺ പൊള്ളാർഡിന്റേയും 35 റൺസെടുത്ത റോവ്മാന്റേയും മികവിലാണ് വിൻഡീസ് മെച്ചപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്.
180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനായി ജെയിംസ് വിൻഡ് അർധസെഞ്ച്വറി തികച്ചു. അവസാന ഓവറിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ 20 റൺസാണ് വേണ്ടിയിരുന്നത്. അവസാന ഓവർ എറിയാൻ വന്ന ഹോൾഡർ നോബോൾ കൊണ്ടാണ് തുടങ്ങിയത്. പിന്നീട് തുടർച്ചയായ നാല് പന്തുകളിൽ നാല് ഇംഗ്ലീഷ് ബാറ്റർമാരെ കൂടാരം കയറ്റി ഹോൾഡർ ടീമിന്‍റെ വീരനായകനായി. കളിയിൽ ഹോൾഡർ 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി ഹോൾഡർ 15 വിക്കറ്റാണ് വീഴ്ത്തിയത്