'തുടങ്ങിയിടത്തുതന്നെ അവസാനവും' ; ലോഡ്‌സിൽ വിരമിക്കൽ മത്സരം കളിക്കാൻ ആൻഡേഴ്‌സൻ
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ഏക പേസ് ബൗളറാണ് ജിമ്മി.
ലണ്ടൻ: 20 വർഷത്തെ ക്രിക്കറ്റ് കരിയറിന് ഫുൾസ്റ്റോപ്പിടാൻ ഇംഗ്ലണ്ട് ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സൻ. വരാനിരിക്കുന്ന വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിൽ ലോഡ്‌സിൽ നടക്കുന്ന മത്സരമാകും 41 കാരന്റെ അവസാന അന്താരാഷ്ട്ര മത്സരം. വിരമിക്കൽ സംബന്ധിച്ച് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. യുവതലമുറക്ക് അവസരം നൽകാനായാണ് കളിമതിയാക്കുന്നതെന്ന് ആൻഡേഴ്‌സൻ വ്യക്തമാക്കി. ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്തിലൂടെ ക്രിക്കറ്റ് കരിയർ ആരംഭിച്ച ഇതിഹാസ പേസറും അവസാന മത്സരവും ഇതേ മൈതാനത്താണെന്ന പ്രത്യേകതയുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ഏക പേസ് ബൗളറാണ് ജിമ്മി. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ആഷസ് പരമ്പരയിലെ നാലു ടെസ്റ്റുകളിൽ നിന്ന് അഞ്ച് വിക്കറ്റ് മാത്രം വീഴ്ത്തിയ ആൻഡേഴ്‌സൺ ഈ വർഷം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും മികവിലേക്കുയരാനായില്ല. എന്നാൽ 700 എന്ന നാഴികകല്ലിലെത്തിയതാണ് ഏക ആശ്വാസം.
ദീർഘകാലം ആൻഡേഴ്‌സനൊപ്പം ടീമിലുണ്ടായിരുന്ന സ്റ്റുവർട്ട് ബ്രോഡ് അടുത്തിടെ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യക്കെതിരെ എക്കാലവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ആൻഡേഴ്‌സൺ 39 ടെസ്റ്റുകളിൽ നിന്ന് 149 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇതിൽ 104 വിക്കറ്റും ഇംഗ്ലണ്ടിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാവാൻ ആൻഡേഴ്‌സണ് ഇനി ഒമ്പത് വിക്കറ്റ് കൂടി മതി.187 ടെസ്റ്റിൽ 700 വിക്കറ്റുള്ള ആൻഡേഴ്‌സൺ വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കക്കുമെതിരായ പരമ്പരയിൽ നേട്ടം മറികടക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നത്. 800 വിക്കറ്റ് നേട്ടത്തിലുള്ള മുത്തയ്യ മുരളീധരനാണ് ഒന്നാമത്.