വിജയ് ഹസാരെ ട്രോഫി: ത്രിപുരയെ തകർത്ത് കേരളം

കൃഷ്ണപ്രസാദി​െൻറ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്

Update: 2025-01-03 16:56 GMT
Advertising

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ത്രിപുരയെ തോൽപിച്ച് കേരളം. 145 റൺസിനായിരുന്നു കേരളത്തി​െൻറ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുര 182 റൺസിന് ഓൾഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 46 റൺസ് പിറന്നു. ആനന്ദ് കൃഷ്ണൻ 22 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കൃഷ്ണപ്രസാദി​െൻറ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. കൃഷ്ണപ്രസാദ് 110 പന്തുകളിൽ 135 റൺസ് നേടി. ആറ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സ്. രോഹൻ കുന്നുമ്മൽ 57ഉം മൊഹമ്മദ് അസറുദ്ദീൻ 26ഉം റൺസെടുത്തു. ക്യാപ്റ്റൻ സൽമാൻ നിസാർ 34 പന്തുകളിൽ നിന്ന് 42 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് ഒരു ഘട്ടത്തിലും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബൌളർമാർ മൽസരം കേരളത്തിന് അനുകൂലമാക്കി. 79 പന്തുകളിൽ 78 റൺസെടുത്ത ക്യാപ്റ്റൻ മൻദീപ് സിങ് മാത്രമാണ് ത്രിപുര ബാറ്റിങ് നിരയിൽ തിളങ്ങിയത്. 42.3 ഓവറിൽ 182 റൺസിന് ത്രിപുര ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി നിധീഷ് എം ഡിയും ആദിത്യ സർവാടെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News