ബംഗാളിനെ അടിച്ചു പരത്തി സച്ചിൻ ബേബി; രഞ്ജി ട്രോഫിയിൽ കേരളം മികച്ച നിലയിൽ
ആദ്യദിനം അവസാനിച്ചപ്പോൾ 265-4 എന്ന നിലയിലാണ് ആതിഥേയർ. 110 റൺസുമായി സച്ചിൻ ബേബിയും 76 റൺസുമായി അക്ഷയ് ശങ്കറുമാണ് ക്രീസിൽ.
തുമ്പ: രഞ്ജി ട്രോഫിയിൽ കരുത്തരായ ബംഗാളിനെതിരെ കേരളത്തിന് മികച്ച സ്‌കോർ. തുമ്പ സെന്റ് സേവ്യേർസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ ദിനം അവസാനിച്ചപ്പോൾ 265-4 എന്ന നിലയിലാണ് ആതിഥേയർ. 110 റൺസുമായി സച്ചിൻ ബേബിയും 76 റൺസുമായി അക്ഷയ് ശങ്കറുമാണ് ക്രീസിൽ. ക്യാപ്റ്റൻ സഞ്ജു സാംസൺ എട്ട് റൺസെടുത്ത് പുറത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം മോശമായിരുന്നു. സ്‌കോർ ബോർഡിൽ 26 റൺസ് മാത്രമുള്ളപ്പോൾ മികച്ച ഫോമിലുള്ള ഓപ്പണർ രോഹൻ എസ് കുന്നുമ്മലിനെ നഷ്ടമായി. 19 റൺസിൽ നിൽക്കെ സുരാജ് ജയ്‌സ്വാളിന്റെ പന്തിൽ മനോജ് തിവാരിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
മൂന്നാമതായി ക്രീസിലെത്തിയ രോഹൻ പ്രേമും(3) പെട്ടെന്ന് മടങ്ങിയതോടെ കേരളം തകർച്ച നേരിട്ടു. പിന്നീട് ക്രീസിലെത്തിയ സച്ചിൻ ബേബി ആംഗർ റോളിൽ ആതിഥേയ ഇന്നിങ്‌സ് കൊണ്ടുപോയി. എന്നാൽ 40 റൺസെടുത്ത ജലജ് സക്‌സേനെയും പിന്നാലെ സഞ്ജുവിനേയും മടക്കി വംഗനാട്ടുകാർ പ്രഹരമേൽപിച്ചു. അഞ്ചാംവിക്കറ്റിൽ സച്ചിൻ-അക്ഷയ് കൂട്ടുകെട്ട് പ്രതീക്ഷകാത്തു. ഇരുവരും ഇതുവരെ 143 റൺസാണ് കൂട്ടിചേർത്തത്. 220 പന്തുകൾ നേരിട്ട സച്ചിൻ ഒരു സിക്സും 10 ബൗണ്ടറിയും സഹിതമാണ് മൂന്നക്കം തികച്ചത്.