ഈ റെക്കോര്‍ഡ് അടുത്തൊന്നും ആരും തകര്‍ക്കില്ല; ടി20 ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി പൊള്ളാര്‍ഡ്
തന്‍റെ റെക്കോര്‍ഡ് നേട്ടം വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് പൊള്ളാർഡ് ആഘോഷമാക്കിയത്
ടി20 ക്രിക്കറ്റിൽ അപൂർവ റെക്കോർട്ട് നേട്ടവുമായി വെസ്റ്റിൻഡീസ് സൂപ്പർ താരം കീറൺ പൊള്ളാർഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന റെക്കോർഡാണ് പൊള്ളാർഡിനെ തേടിയെത്തിയത്. കരിയറിലുടനീളം 600 ടി20 മത്സരങ്ങളിലാണ് പൊള്ളാർഡ് പാഡ് കെട്ടിയത്. ഇംഗ്ലണ്ടിൽ നടക്കുന്ന ദ ഹണ്ട്രഡിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനെതിരെ ലണ്ടൻ സ്പിരിറ്റിനായി കളിക്കാനിറങ്ങിയതോടെയാണ് താരം അപൂർവ റെക്കോർഡിന് ഉടമയായത്. ടി20 ക്രിക്കറ്റിൽ ഇതുവരെ ഒരാളും 600 മത്സരങ്ങൾ കളിച്ചിട്ടില്ല.
മത്സരത്തിൽ തന്‍റെ റെക്കോര്‍ഡ് നേട്ടം വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് പൊള്ളാർഡ് ആഘോഷമാക്കിയത്. വെറും 11 പന്തിൽ പൊള്ളാർഡ് 34 റൺസ് നേടി. കരിയറില്‍ 600 മത്സരങ്ങളിൽ നിന്ന് 11723 റൺസാണ് പൊള്ളാർഡിന്‍റെ സമ്പാദ്യം. 31.34 ആണ് താരത്തിന്‍റെ ശരാശരി. ഉയർന്ന സ്‌കോർ 104. ഒരു സെഞ്ചുറിയും 56 അർധസെഞ്ച്വറിയും താരം നേടി.
വെസ്റ്റിൻഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ് കീറൺ പൊള്ളാർഡ്. 101 ടി20 മത്സരങ്ങളിലാണ് താരം വിൻഡീസ് ജേഴ്സിയണിഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന പൊള്ളാര്‍ഡ് ഐ.പി.എല്ലില്‍ 189 മത്സരങ്ങള്‍ കളിച്ചു. കരിയറിലുടനീളം 19 ടീമുകൾക്കായി കളിച്ചാണ് 600 ടി20 മത്സരങ്ങളെന്ന നാഴികക്കല്ല് പൊള്ളാർഡ് സ്വന്തമാക്കിയത്.
പൊള്ളാര്‍ഡിന്‍റെ ഈ അപൂര്‍വ റെക്കോര്‍ഡ് മറികടക്കല്‍ അല്‍പ്പം ശ്രമകരമാണ്. നിലവിൽ കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച താരങ്ങളിൽ രണ്ടാമതുള്ളത് വിന്‍ഡീസ് ഓൾറൗണ്ടറും, പൊള്ളാർഡിന്‍റെ സുഹൃത്തുമായ ഡ്വെയിൻ ബ്രാവോയാണ്. 543 മത്സരങ്ങളാണ് ബ്രാവോ കളിച്ചത്.