അവസാനം കത്തിജ്ജ്വലിച്ചതും വിഫലം; മുംബൈ പ്ലേഓഫ് കാണാതെ പുറത്ത്

മറ്റൊരു മത്സരത്തിൽ ഡൽഹി ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ അവസാനപന്തിൽ ഏഴുവിക്കറ്റിനു മറികടന്നു

Update: 2021-10-08 18:29 GMT
Editor : Shaheer | By : Web Desk
Advertising

പ്ലേഓഫ് എന്ന ഒരേയൊരു ലക്ഷ്യത്തിൽ മുൻനിര ബാറ്റര്‍മാരെല്ലാം കത്തിക്കയറിയ മത്സരത്തിൽ ഹൈദരാബാദിനെതിരെ 42 റൺസിന്റെ വമ്പൻ ജയം നേടിയിട്ടും മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്ത്. ജീവന്മരണ പോരാട്ടത്തിൽ ഹൈദരാബാദിനെതിരെ വൻമാർജിനിലുള്ള വിജയം സ്വന്തമാക്കാനായതോടെയാണ് നിലവിലെ ചാംപ്യൻമാർ നിരാശയോടെ നാട്ടിലേക്കു മടങ്ങുന്നത്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഓപണർ ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് പ്രകടനത്തിൽ 235 റൺസാണ് അടിച്ചെടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ 193 റൺസാണ് എട്ടു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് അടിച്ചുകൂട്ടിയത്.

കൂറ്റൻ ടോട്ടൽ ഉയർത്തിയെങ്കിലും പ്ലേഓഫ് സാധ്യത മുംബൈയിൽനിന്ന് അകന്നുതന്നെ നിൽക്കുകയായിരുന്നു. ഏക സാധ്യത ഹൈദരാബാദിനെ 65 റൺസിനുള്ളിൽ എറിഞ്ഞൊതുക്കുകയെന്നതു മാത്രമായിരുന്നു. എന്നാൽ, ഹൈദരാബാദ് ഓപണർമാരായ ജേസൺ റോയി(21 പന്തിൽ ആറു ബൗണ്ടറി സഹിതം 34)യും അഭിഷേക് ശർമ(16 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 33) മിന്നുന്ന തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. ആദ്യ വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്താണ് ജേസൺ റോയ് മടങ്ങിയത്. ഇതോടെ മുംബൈയുടെ അവസാന പ്രതീക്ഷയും അടഞ്ഞു. ഇതിനിടയിൽ ഇടവേളകളിൽ വിക്കറ്റെടുത്ത് മുംബൈ ബൗളർമാർ നായകൻ രോഹിത് ശർമയ്ക്ക് ആശ്വാസം നൽകിയെങ്കിലും മുന്നിൽനിന്നു നയിച്ച താൽക്കാലിക നായകൻ മനീഷ് പാണ്ഡ്യ(41 പന്തിൽ ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 69)യുടെ ബാറ്റിങ് കരുത്തിൽ അവസാന ഓവർവരെ ഉജ്ജ്വപോരാട്ടമാണ് ഹൈദരാബാദ് നടത്തിയത്.

നേരത്തെ പ്ലേ ഓഫിൽ കയറാൻ വൻ മാർജിനിൽ ജയിക്കണമെന്ന ബോധത്തോടെയാണ് മുംബൈയുടെ എല്ലാ താരങ്ങളും ബാറ്റു വീശിയത്. ഓപ്പണർ ഇഷാൻ കിഷനാണ് ടീമിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്. 32 പന്തിൽ 11 ബൗണ്ടറിയും നാല് സിക്‌സും സഹിതം 84 റൺസാണ് കിഷൻ നേടിയത്. ഇഷാൻ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 40 പന്തിൽനിന്ന് 13 ബൗണ്ടറിയുടെയും മൂന്നു സിക്‌സിന്റെയും അകമ്പടിയോടെ 82 റൺസാണ് യാദവ് അടിച്ചുകൂട്ടിയത്. ?eനായകൻ രോഹിതിന്റെ 13 പന്തിൽ 18 ഒഴിച്ചുനിർത്തിയാൽ മറ്റാർക്കും വലിയ സ്‌കോർ നേടാനായില്ല. സൺറൈസേഴ്സിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റും റാഷിദ് ഖാനും അഭിഷേക് ശർമ്മയും രണ്ടു വിക്കറ്റ് വീതവും ഉമ്രാൻ മാലിക് ഒരു വിക്കറ്റും നേടി.

അതേസമയം, ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ ഡൽഹി ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ അവസാനപന്തിൽ ഏഴു വിക്കറ്റിന് മറികടന്നു. നായകൻ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും പരാജയപ്പെട്ടപ്പോൾ വിക്കറ്റ് കീപ്പർ ശ്രീകാർ ഭരതും(52 പന്തിൽ നാല് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 78) ഗ്ലെൻ മാക്‌സ്‌വെല്ലു(33 പന്തിതൽ എട്ട് ബൗണ്ടറിയോടെ 51)മാണ് ബാംഗ്ലൂരിനെ വിജയതീരത്തെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് ഓപണർമാരായ പൃഥ്വിഷായും(31 പന്തിൽ 48) ശിഖർ ധവാനും(35 പന്തിൽ 43) മികച്ച തുടക്കമാണ് നൽകിയത്. ഷിംറോൺ ഹെറ്റ്മയർ 22 പന്തിൽ 29 റൺസുമെടുത്തു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും ചഹൽ, ഹർഷൽ പട്ടേൽ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ ഓരോ വിക്കറ്റും നേടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News