'പറക്കും സേവ്'; വൈറലായി മുസ്തഫിസുറിന്റെ സൂപ്പര്‍ ഫീല്‍ഡിങ്

വായുവിലൂടെ ഉയര്‍ന്നു ചാടിയ മുസ്തഫിസുര്‍ പന്ത് ബൗണ്ടറി കടക്കാന്‍ അനുവദിക്കാതെ തട്ടിയിടുകയായിരുന്നു

Update: 2021-09-30 09:17 GMT
Editor : Dibin Gopan | By : Web Desk
Advertising

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും ഇപ്പോള്‍ വൈറലാകുന്നത് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്റെ 'പറക്കും സേവാണ്'. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലായിരുന്നു മുസ്തഫിസുറിന്റെ മിന്നും പ്രകടനം. കാര്‍ത്തിക് ത്യാഗി എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തില്‍ ബാറ്റ്‌സ്മാന്‍ മാക്‌സ്‌വെല്‍ പന്ത് ഹുക്ക് ചെയ്യുകയായിരുന്നു.

പന്ത് അനായാസമായി ബൗണ്ടറി കടക്കുമെന്ന് ബാറ്റ്‌സ്മാനും കാണികളും കരുതി. എന്നാല്‍ വായുവിലൂടെ ഉയര്‍ന്നു ചാടിയ മുസ്തഫിസുര്‍ പന്ത് ബൗണ്ടറി കടക്കാന്‍ അനുവദിക്കാതെ തട്ടിയിടുകയായിരുന്നു. തേര്‍ഡ് അമ്പയര്‍ സിക്‌സ് ആണോയെന്ന് പരിശോധിച്ചെങ്കിലും മുസ്തഫിസുര്‍ പന്ത് കൈവശമുള്ളപ്പോള്‍ ബൗണ്ടറി ലൈന്‍ തട്ടിയില്ലെന്ന് വ്യക്തമാകുകയായിരുന്നു. സൂപ്പര്‍ സേവിന് പിന്നാലെ എതിര്‍ ടീമിന്റെ ആരാധകരില്‍ നിന്നുവരെ പ്രശംസയാണ് മുസ്തഫിസുറിന് ലഭിച്ചത്.

അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രാജസ്ഥാനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. ബാംഗ്ലൂര്‍. 17 പന്ത് ബാക്കി നില്‍ക്കെയാണ് ബാംഗ്ലൂരിന്റെ വിജയം. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബാംഗ്ലൂര്‍ മാക്സ്വെല്ലിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 30 പന്തില്‍ നിന്നായിരുന്നു മാക്സവെല്ലിന്റെ അര്‍ധസെഞ്ച്വറി. രാജസ്ഥാന് വേണ്ടി മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ടു വിക്കറ്റ് നേടി. ഈ വിജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു. മറുവശത്ത് രാജസ്ഥാന്റെ സാധ്യതകള്‍ മങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ മാക്‌സ്വെല്ലാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തകര്‍ത്തത്. ഈ വിജയത്തോടെ ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. രാജസ്ഥാന്‍ ഏഴാമതാണ്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 149 റണ്‍സ് എടുത്തു. രാജസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ എവിന്‍ ലൂയിസും ജയ്‌സ്വാളും മികച്ച തുടക്കമായിരുന്നു നല്‍കിയത്. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് മുതല്‍ രാജസ്ഥാന്‍ തകരുകയായിരുന്നു. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 19 റണ്‍സ് നേടി പുറത്തായത് ടീമിന് തിരിച്ചടിയായി. രാജസ്ഥാന്‍ നിരയില്‍ എവിന്‍ ലൂയിസാണ് ടോപ് സ്‌കോറര്‍. ലൂയിസ് 58 റണ്‍സാണ് ടീമിനായി നേടിയത്. ബാംഗ്ലൂരിന് വേണ്ടി ഗാര്‍ട്ടണും ക്രിസ്റ്റിയനും ഓരോ വിക്കറ്റും ചഹല്‍, ഷഹബാസ്അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടി. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റും നേടി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News