'എന്തിനെന്റെ ഭാര്യയെ കുറ്റം പറയുന്നു'; ട്രോളുകൾക്കെതിരെ ഹിറ്റ്‌മെയർ
"ഞാൻ ചെയ്യുന്നതെല്ലാം എന്റെ തീരുമാനമാണ്. എന്റെ ചോയ്‌സാണ്."
വെസ്റ്റ് ഇൻഡീസിന് ഫൈനൽ ഘട്ടത്തിലേക്കുള്ള ചീട്ടു കീറിയതാണ് ഈ ടി20 ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി. കുഞ്ഞന്മാരായ അയർലാൻഡാണ് രണ്ടു തവണ ചാമ്പ്യന്മാരായ വിൻഡീസിനെ കെട്ടുകെട്ടിച്ചത്. തോൽവിക്ക് പിന്നാലെ, വിൻഡീസ് ടീമിൽ നിന്ന് 'വിട്ടുനിന്ന' ഷിമ്രോൺ ഹെറ്റ്‌മെയറിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. ആസ്‌ട്രേലിയയിലേക്കുള്ള വിമാനം നഷ്ടപ്പെട്ടാണ് ഹെറ്റ്‌മെയർ ടീമിൽ നിന്ന് പുറത്തായിരുന്നത്.
കുടുംബപരമായ കാരണങ്ങളെ തുടർന്ന് കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ല എന്നായിരുന്നു താരത്തിന്റെ വിശദീകരണം. തോൽവിയോടെ, ആരാധകരുടെ രോഷം ഹെറ്റ്‌മെയറിനൊപ്പം താരത്തിന്റെ ഭാര്യയോടുമായി. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹെറ്റ്മയർ. തന്റെ ചെയ്തികൾക്ക് ഭാര്യ എന്ത് കുറ്റമാണ് ചെയ്തതെന്ന് താരം ചോദിക്കുന്നു.
'ഞാൻ ചെയ്യുന്ന എല്ലാറ്റിനും എന്തിനാണ് ആളുകൾ എന്റെ ഭാര്യയെ കുറ്റപ്പെടുത്തുന്നത് എന്നറിയില്ല. ഞാൻ ചെയ്യുന്നതെല്ലാം എന്റെ തീരുമാനമാണ്. എന്റെ ചോയ്‌സാണ്. അവൾക്ക് അവളുടെ ജീവിതം. അത് എല്ലാ കാലത്തും അങ്ങനെയായിരിക്കും. എന്നെ സംബന്ധിച്ച് ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് അവൾ. എന്നും അവളെന്റെ രാജ്ഞിയായിരിക്കും' - എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഹിറ്റ്‌മെയറിന്റെ കുറിപ്പ്.
നിർണായക മത്സരത്തിൽ ഒമ്പതു വിക്കറ്റിനായിരുന്നു വിൻഡീസിന്റെ തോൽവി. ആദ്യം ബാറ്റു ചെയ്ത വിൻഡീസിന് അഞ്ചു വിക്കറ്റു നഷ്ടത്തിൽ 146 റൺസേ എടുക്കാനായുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലാൻഡ് ഒരു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി, 15 പന്ത് ബാക്കി നിൽക്കെ വിജയം കണ്ടു. ഷിമ്രോൺ ഹെറ്റ്‌മെയറിന് പുറമേ, പവർ ഹിറ്റർ ആന്ദ്രെ റസലും വിൻഡീസ് ടീമിലുണ്ടായിരുന്നില്ല.