'നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണല്ലേ'; പാകിസ്താന്‍റെ തോല്‍വിക്ക് പിറകേ മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ പിടിച്ചു വാങ്ങി റമീസ് രാജ
നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായിക്കാണുമല്ലോ എന്ന് ചോദിച്ച് മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത റമീസ് രാജ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു
ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയതിന് പിറകേ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ലങ്കൻ ബൗളർമാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയ ആവേശപ്പോരില്‍ 23 റണ്‍സിന്‍റെ വിജയമാണ് ശ്രീലങ്ക നേടിയത് . 171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 147 റൺസിലൊതുക്കിയാണ് ലങ്ക കിരീടം പിടിച്ചുവാങ്ങിയത്.
പാകിസ്താന്‍റെ തോല്‍വിക്ക് ശേഷം സ്റ്റേഡിയം വിടുമ്പോഴാണ് റമീസ് രാജയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്. ഇതിനിടെയാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് റമീസ് രാജ കയര്‍ത്തത്. പാകിസ്താന്‍റെ പരാജയത്തില്‍ നിരാശരായ സാധാരാണക്കാരോട് എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമാണ് റമീസ് രാജയെ ചൊടിപ്പിച്ചത്. 'നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ' എന്ന് ചോദിച്ച് കയര്‍ത്ത റമീസ് രാജ 'നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായിക്കാണുമല്ലോ' എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍റെ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫോണ്‍ തിരിച്ചു നല്‍കിയ റമീസ് മാധ്യമ പ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായില്ല.
പാകിസ്താന്‍റെ തോല്‍വി സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആരാധകരെയും വലിയ നിരാശയിലേക്കാണ് തള്ളിയിട്ടത്. പാകിസ്താന്‍റെ ദയനീയ പരാജയം ക്ഷണിച്ചു വരുത്തിയ ഒന്നാണെന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്. പലരും രോഷത്തോടെയാണ് ടീമിനെതിരെ പ്രതികരിച്ചത്. പാക് ടീമിൽ അടിമുടി മാറ്റം അനിവാര്യമാണെന്നും ആരാധകർ നിർദേശിക്കുന്നു. ശ്രീലങ്കൻ ജയം ആധികാരികമാണെന്ന് ഇന്ത്യൻ ആരാധകരും സാക്ഷ്യപ്പെടുത്തുന്നു.
ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യകപ്പിൽ മുത്തമിടുന്നത്. രജപക്‌സയുടെ അവിസ്മരണീയ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക 170 എന്ന ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. ബനുകക്കൊപ്പം വാലറ്റക്കാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ലങ്കയെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. നാല് വിക്കറ്റ് നേടിയ പ്രമോദ് മധുഷനും മൂന്നു വിക്കറ്റു നേടിയ ഹസരങ്കയുമാണ് പാക് ബാറ്റിങ് നിരയുടെ നട്ടല്ലൊടിച്ചത്.