പി.സി.ബിയുടെ അപ്പീൽ പരിഗണിച്ചു: റാവൽപിണ്ടി പിച്ചിന്റെ മോശം റേറ്റിങ് മാറ്റി ഐ.സി.സി
കഴിഞ്ഞ ഡിസംബറിൽ നടന്ന ഇംഗ്ലണ്ട്-പാകിസ്താൻ മത്സരത്തിന് പിന്നാലെയാണ് റാവൽപിണ്ടി പിച്ചിനെ ശരാശരിയിലും താഴ്ന്നതായി ഐസിസി രേഖപ്പെടുത്തിയത്.
ദുബൈ: പാകിസ്താന്റെ റാവൽപിണ്ടി പിച്ചിന്റെ മോശം റേറ്റിങ് പിൻവലിച്ച് ഐ.സി.സി. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് ഐ.സി.സി നടപടി. കഴിഞ്ഞ ഡിസംബറിൽ നടന്ന ഇംഗ്ലണ്ട്-പാകിസ്താൻ മത്സരത്തിന് പിന്നാലെയാണ് റാവൽപിണ്ടി പിച്ചിനെ ശരാശരിയിലും താഴ്ന്നതായി(below average) ഐസിസി രേഖപ്പെടുത്തിയത്. മത്സരത്തിൽ ഇംഗ്ലണ്ട് 74 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.
വൻസ്‌കോറാണ് മത്സരത്തിൽ പിറന്നത്. ഇരുടീമുകളും വേഗത്തിൽ സ്‌കോർബോർഡ് ചലിപ്പിച്ചതോടെയാണ് പിച്ചിൽ സംശയമുയർന്നത്. ഇരു ടീമുകളും രണ്ട് ഇന്നിങ്സിലുമായി അടിച്ചുകൂട്ടിയത് 1768 റണ്‍സ്. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നേടിത് 657 എന്ന പടുകൂറ്റൻ സ്‌കോർ. നാല് പേരാണ് ഇംഗ്ലണ്ട് നിരയിൽ മൂന്നക്കം കടന്നത്. 153 റൺസ് നേടിയ ഹാരി ബ്രൂക്ക് ആിരുന്നു ടോപ് സ്‌കോറർ.
മറുപടി ബാറ്റിങിൽ പാകിസ്താനും വിട്ടുകൊടുത്തില്ല. 579 റൺസ് നേടി. മൂന്ന് പേർ പാകിസതാൻ നിരയിലും സെഞ്ച്വറി കണ്ടെത്തി. 121 റൺസ് നേടിയ ഇമാമുൽഹഖാണ് ടോപ് സ്‌കോറർ. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ ആർക്കും സെഞ്ച്വറി തികയ്ക്കാനായില്ലെങ്കിലും മൂന്ന് പേർ രണ്ടക്കം കടന്നു. പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സും മോശമായില്ല.
പിച്ചിൽ നിന്ന് പിന്തുണ ലഭിക്കാനും ബൗളർമാർക്കായില്ല. എന്നാൽ ഐ.സി.സിയുടെ അപ്പീൽ കമ്മിറ്റി മത്സരത്തിന്റെ വീഡിയോ വീക്ഷിക്കുകയും പിച്ചിന് മോശം റേറ്റിങ് കൊടുക്കേണ്ട ഘടകമില്ലെന്നും കണ്ടെത്തുകയായിരുന്നു. വാശിയേറിയ മത്സരമാണ് നടന്നതെന്നും ഇംഗ്ലണ്ടിന്റെ വിജയത്തിലേക്ക് നയിച്ച വിക്കറ്റ് നേട്ടങ്ങളെല്ലാം ശക്തമായ മത്സരത്തിനൊടുവിലായിരുന്നുവെന്നും അപ്പീൽ കമ്മിറ്റി കണ്ടെത്തി. തുടർന്നാണ് മോശം റേറ്റിങ് പിന്‍വലിക്കാന്‍ ഇന്റർനാഷണല്‍ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്.