ഐ.പി.എൽ നടത്തിയതിന് ആയിരം കോടിയുടെ നഷ്ടപരിഹാരം ഈടാക്കണം: ബോംബെ ഹൈക്കോടതിയിൽ ഹർജി
കോവിഡ് സാഹചര്യത്തിലും ഐ.പി.എല്‍ നടത്തിയ ധാര്‍ഷ്ട്യത്തിന് ബി.സിസിഐ ജനങ്ങളോട് മാപ്പ് പറയണമെന്നും അഭിഭാഷകന്‍ വന്ദന ഷാ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തിയതിന് ആയിരം കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. ആയിരം കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ വിതരണം എന്നിവ വിതരണം ചെയ്യാന്‍ ആവശ്യപ്പെടണമെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും പറയുന്നത്. കോവിഡ് സാഹചര്യത്തിലും ഐ.പി.എല്‍ നടത്തിയ ധാര്‍ഷ്ട്യത്തിന് ബി.സിസിഐ ജനങ്ങളോട് മാപ്പ് പറയണമെന്നും അഭിഭാഷകന്‍ വന്ദന ഷാ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ശ്മശാനങ്ങള്‍ സംഘടിപ്പിക്കാന്‍ ബി.സി.സി.ഐയോട് ആവശ്യപ്പെടണം. പൊതുജനങ്ങളോടുള്ള ബി.സി.സിഐയുടെ ഉത്തരവാദിത്വത്തമെന്താണെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. ഞാനുമൊരു കായിക പ്രേമിയാണ്. പക്ഷേ കോവിഡ് മഹാമാരിയില്‍ ജനം പൊറുതിമുട്ടുമ്പോള്‍ ജനങ്ങളുടെ ജീവിതത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഐപിഎല്ലിലെ എട്ട് ടീമുകളില്‍ നാലിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളിലാണ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഐപിഎല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ബിസിസിഐയും ഫ്രാഞ്ചൈസികളും. മുംബൈയിലേക്ക് മാത്രം മത്സരങ്ങള്‍ മാറ്റുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിച്ചിരുന്നു. പക്ഷേ കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതോടെ ഈ ശ്രമങ്ങളെല്ലാം ബിസിസിഐ ഉപേക്ഷിക്കുകയായിരുന്നു.