കോഹ്‌ലിയും ഗില്ലും ജയ്‌സ്വാളും പുറത്ത്; ഗാബയിൽ ഓസീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച
മഴമൂലം മത്സരം നിർത്തിവെക്കുമ്പോൾ 39-3 എന്ന നിലയിലാണ് ഇന്ത്യ.
ബ്രിസ്ബേൻ: ആസ്‌ത്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 പിന്തുടർന്ന് ഇറങ്ങിയ സന്ദർശകർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. യശസ്വി ജയ്‌സ്വാൾ(3), ശുഭ്മാൻ ഗിൽ(1), വിരാട് കോഹ്‌ലി(3) എന്നിവരാണ് ഔട്ടായത്. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി. കെ.എൽ രാഹുലും ഋഷഭ് പന്തുമാണ് ക്രീസിൽ. മഴമൂലം മത്സരം നിർത്തിവെക്കുമ്പോൾ 39-3 എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ, ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുംറയുടെ മികവിലാണ് ഓസീസിനെ 445ൽ പുറത്താക്കിയത്. ട്രാവിസ് ഹെഡ് (152), സ്റ്റീവൻ സ്മിത്ത് (101), അലക്സ് ക്യാരി (70) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
ഓസീസ് കൂറ്റൻ സ്‌കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. പെർത്തിൽ സെഞ്ച്വറി നേടിയ ജയ്‌സ്വാൾ ഒരിക്കൽകൂടി സ്റ്റാർക്കിന് മുന്നിൽ വീണു. ഇന്ത്യൻ സ്‌കോർ നാലിൽ നിൽക്കെ സ്റ്റാർക്കിന്റെ പന്തിൽ മിച്ചൽ മാർഷ് കൈപിടിയിലൊതുക്കുകയായിരുന്നു. സ്‌കോർ ബോർഡിൽ രണ്ട് റൺസ് കൂട്ടിചേർക്കുന്നതിനിടെ സ്റ്റാർക്കിന്റെ തന്നെ അടുത്ത ഓവറിൽ ശുഭ്മാൻ ഗില്ലും മടങ്ങി. തൊട്ടുപിന്നാലെ കോഹ് ലിയെ ഹേസൽവുഡ് കൂടി ഔട്ടാക്കിയതോടെ ഒരുഘട്ടത്തിൽ 22-3 എന്ന നിലയിലായി. ഏഴിന് 405 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് സ്‌കോർ ബോർഡിൽ 40 റൺസ് ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി.