ഫോളോ ഓണ്‍ ഒഴിവാക്കിയത് ആകാശ് ദീപിന്‍റെ ഫോര്‍; മതിമറന്നാഘോഷിച്ച് ഗംഭീര്‍

പത്താം വിക്കറ്റിൽ ആകാശും ബുംറയും ചേർന്ന് പടുത്തുയർത്തിയ 39 റൺസിന്റെ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ ഒരു വലിയ വീഴ്ച്ചയിൽ നിന്നാണ് കരകയറ്റിയത്

Update: 2024-12-17 12:15 GMT
Advertising

ബ്രിസ്ബെ‍ന്‍: ഗാബ ടെസ്റ്റിന്റെ നാലാം ദിനം. ഇന്ത്യയുടെ കയ്യിൽ ആകെ അവശേഷിക്കുന്നത് ഒരു വിക്കറ്റ്. 75ാം ഓവർ എറിയാൻ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് എത്തുമ്പോൾ ഇന്ത്യക്ക് ഫോളോ ഓൺ ഒഴിവാക്കാൻ നാല് റൺസ് കൂടി വേണമായിരുന്നു. കമ്മിൻസ് എറിഞ്ഞ രണ്ടാം പന്തിനെ ഗള്ളിയിലൂടെ ഒരു മനോഹര ബൗണ്ടറി പായിച്ച് ആകാശ് ദീപ് ആ ദൗത്യം ഭംഗിയായി പൂർത്തിയാക്കി.

ക്യാമറകൾ ഇന്ത്യൻ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞു. കോച്ച് ഗൗതം ഗംഭീറും വിരാട് കോഹ്ലിയും രോഹിത് ശർമയുമൊക്കെ ആ ബൗണ്ടറിയെ കളി ജയിച്ചത് പോലെയാണ് ആഘോഷമാക്കിയത്. ഒരു ദിവസം മാത്രം അവശേഷിക്കുന്ന ഗാബ ടെസ്റ്റിൽ ആ നാല് റൺസ് എത്ര മാത്രം വിലപ്പെട്ടതാണെന്ന് അവർക്ക് നന്നായറിയാം. പത്താം വിക്കറ്റിൽ ആകാശും ബുംറയും ചേർന്ന് പടുത്തുയർത്തിയ 39 റൺസിന്റെ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ ഒരു വലിയ വീഴ്ച്ചയിൽ നിന്നാണ് കരകയറ്റിയത്.

നാലാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് 10 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെയാണ്. ​കമ്മിൻസിന്റെ പന്തിൽ അലക്സ് ക്യാരിക്ക് പിടികൊടുത്താണ് രോഹിത് പുറത്തായത്. തുടർന്ന് രവീന്ദ്ര ജഡേജയും രാഹുലും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് തുണയായത്. 139 പന്തുകൾ നേരിട്ടാണ് രാഹുൽ 84 റൺസെടുത്തത്. സ്റ്റീവ് സ്മിത്തിന്റെ കൈകളിൽ എത്തിച്ച് നേഥൻ ലിയോണാണ് രാഹുലിനെ പുറത്താക്കിയത്. തുടർന്നെത്തിയ നീതീഷ് കുമാർ റെഡ്ഡിയെയും (61 പന്തിൽ 16) സിറാജിനെയും (11 പന്തുകളിൽ 1) ഒരറ്റത്ത് സാക്ഷിനിർത്തിയാണ് ജഡേജ റൺസുയർത്തിയത്. ഇന്ത്യൻ സ്കോർ 213ൽ നിൽക്കേ ജഡേജ പുറത്തായെങ്കിലും പത്താം വിക്കറ്റിൽ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാ പ്രവർത്തനം ഇന്ത്യക്ക് തുണയായി.

ഇനി കണ്ണുകളെല്ലാം അഞ്ചാം ദിനത്തിലേക്കാണ്. അതിവേഗം രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കി ഇന്ത്യയെ എറിഞ്ഞിടാനാകും ഓസീസ് ശ്രമം. എന്നാൽ നിരന്തരമായി പെയ്യുന്ന മഴ ഓസീസ് കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. ബുധനാഴ്ച 90 ശതമാനത്തിലധികം മഴക്ക് സാധ്യതയുണ്ടെന്നാണ് ആസ്ട്രേലിയ ബ്യൂറോ ഓഫ് മീറ്ററോളജിയുടെ പ്രവചനം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News