വാലറ്റത്തിൽ തൂങ്ങി ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ; കണ്ണുകളെല്ലാം അഞ്ചാം ദിനത്തിലേക്ക്
ബ്രിസ്ബെയ്ൻ: ഗാബ ടെസ്റ്റിൽ ഫോളോഓൺ നാണക്കേട് ഒഴിവാക്കി ഇന്ത്യ. ഓസീസ് ഉയർത്തിയ 445 റൺസ് പിന്തുടർന്ന ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 252 എന്ന നിലയിലാണ് നാലാംദിനം കളിയവസാനിപ്പിച്ചത്. പത്താം വിക്കറ്റിൽ ആകാശ് ദീപും ജസ്പ്രീത് ബുംറയും ചേർന്ന് കൂട്ടിച്ചേർത്ത 39 റൺസാണ് ഇന്ത്യക്ക് തുണയായത്. ആകാശ് ദീപ് 27 ഉം ബുംറ 10 റൺസും നേടി. കെ.എൽ രാഹുൽ 84ഉം രവീന്ദ്ര ജഡേജ 77ഉം റൺസെടുത്തു.
നാലാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് 10 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെയാണ്. കമ്മിൻസിന്റെ പന്തിൽ അലക്സ് ക്യാരിക്ക് പിടികൊടുത്താണ് രോഹിത് പുറത്തായത്. തുടർന്ന് രവീന്ദ്ര ജഡേജയും രാഹുലും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് തുണയായത്. 139 പന്തുകൾ നേരിട്ടാണ് രാഹുൽ 84 റൺസെടുത്തത്. സ്റ്റീവ് സ്മിത്തിന്റെ കൈകളിൽ എത്തിച്ച് നേഥൻ ലിയോണാണ് രാഹുലിനെ പുറത്താക്കിയത്. തുടർന്നെത്തിയ നീതീഷ് കുമാർ റെഡ്ഡിയെയും (61 പന്തിൽ 16) സിറാജിനെയും (11 പന്തുകളിൽ 1) ഒരറ്റത്ത് സാക്ഷിനിർത്തിയാണ് ജഡേജ റൺസുയർത്തിയത്. ഇന്ത്യൻ സ്കോർ 213ൽ നിൽക്കേ ജഡേജ പുറത്തായെങ്കിലും പത്താം വിക്കറ്റിൽ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യക്ക് തുണയായത്.
ഇനി കണ്ണുകളെല്ലാം അഞ്ചാം ദിനത്തിലേക്കാണ്. അതിവേഗം രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കി ഇന്ത്യയെ എറിഞ്ഞിടാനാകും ഓസീസ് ശ്രമം. എന്നാൽ നിരന്തരമായി പെയ്യുന്ന മഴ ഓസീസ് കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. ബുധനാഴ്ച 90 ശതമാനത്തിലധികം മഴക്ക് സാധ്യതയുണ്ടെന്നാണ് ആസ്ട്രേലിയ ബ്യൂറോ ഓഫ് മീറ്ററോളജിയുടെ പ്രവചനം.