നാല് ടി20 സെഞ്ച്വറികൾ: 'വെടിക്കെട്ടു'കാരനെ സ്വന്തമാക്കി രാജസ്ഥാൻ റോയല്‍സ്

ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലർക്ക് പകരക്കാരനായി രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത് ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഗ്ലെൻ ഫിലിപ്പിനെ

Update: 2021-08-23 06:11 GMT
Editor : rishad | By : Web Desk
Advertising

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ പ്രവേശിക്കുന്ന ജോസ് ബട്ട്‌ലർക്ക് പകരക്കാരനായി രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത് ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഗ്ലെൻ ഫിലിപ്പിനെ. ആദ്യമായാണ് ഐ.പി.എല്ലിൽ കളിക്കാനെത്തുന്ന് എങ്കിലും ടി20യിൽ മികച്ച ട്രാക്ക് റെക്കോർഡിന് ഉടമയാണ് ഫിലിപ്പ്. 25 ടി20 മത്സരങ്ങളിൽ ന്യൂസിലാൻഡിന് വേണ്ടി കളിച്ചിട്ടുണ്ട് ഫിലിപ്പ്. ഒരു ടെസ്റ്റും. എന്നാൽ ഏകദിനങ്ങളിൽ ഇതുവരെ അരങ്ങേറിയിട്ടില്ല.

108 റൺസാണ് അന്താരാഷ്ട്ര ടി20യിലെ ഫിലിപ്പിന്റെ ഉയർന്ന സ്‌കോർ. രണ്ട് അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. വിവിധ ടി20 ലീഗുകളിൽ താരം കളിച്ചിട്ടുണ്ട്. ടി20യിൽ ആകെ നാല് സെഞ്ച്വറികളാണ്(അന്താരാഷ്ട്ര ക്രിക്കറ്റിലേതുള്‍പ്പെടെ) ഫിലിപ്പിന്റെ അക്കൗണ്ടിലുള്ളത്. വിവിധ ലീഗുകളിലായി 134 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 149.70 ആണ് അന്താരാഷ്ട്ര ടി20യിലെ സ്‌ട്രൈക്ക് റൈറ്റ്. കരീബിയൻ പ്രീമിയർ ലീഗ് ടീമായ ബാർബഡോസ് റോയൽ അംഗമാണ് ഫിലിപ്പ്.

അടുത്ത ആഴ്ചയാണ് കരീബിയൻ പ്രീമിയർ ലീഗ് തുടങ്ങുന്നത്. കഴിഞ്ഞ നവംബറിൽ വെസ്റ്റ്ഇൻഡീസിനെതിരെ 46 പന്തിൽ സെഞ്ച്വറി നേടിയാണ് ഫിലിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ചത്. ഒരു ന്യൂസിലാൻഡുകാരന്റെ വേഗമേറിയ സെഞ്ച്വറിയുടെ ഉടമയാകാനും ഈ ഇന്നിങ്‌സിലൂടെ ഫിലിപ്പിനായി. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചത്. സെപ്തംബറിൽ യുഎഇയിലാണ് ബാക്കി മത്സരങ്ങൾ പുനരാരംഭിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്കും ജോഫ്രെ ആർച്ചറും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചിരുന്നു. ഇരുവരും രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ്. 

നിലവിലെ പോയിന്റ് പട്ടിക പ്രകാരം അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാൻ റോയൽസിനുള്ളത്. അതേസമയം ശ്രീലങ്കന്‍ സ്പിന്നർ വാനിഡു ഹസരങ്ക, ഫാസ്റ്റ് ബൗളർ ദുശ്മന്ത ചമീര, സിംഗപ്പൂർ ടീം അംഗം ടിം ഡേവിഡ് എന്നിവരെ കോലിയുടെ ബംഗളൂരു ടീമിലെത്തിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News