ഋഷഭ് പന്ത് തിരിച്ചുവരുന്നു; നിർണായക പ്രഖ്യാപനവുമായി സൗരവ് ഗാംഗുലി
ഫിറ്റ്‌നസിന്റെ മിക്കപരിശോധനകളും പൂർത്തിയാക്കിയ ഋഷഭിനെ ദേശീയ ക്രിക്കറ്റ് അക്കാദമി മാർച്ച് അഞ്ചിന് മത്സരത്തിന് സജ്ജനായി പ്രഖ്യാപിക്കുമെന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്.
ന്യൂഡല്‍ഹി: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് തിരിച്ചുവരുന്നു. പന്തിന്റെ തിരിച്ചുവരവ് ഉടനെയെന്ന് മുൻ ഇന്ത്യൻ നായകനും ഡല്‍ഹി കാപിറ്റല്‍സ് ഡയരക്ടറുമായ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഡല്‍ഹി കാപിറ്റല്‍സ് താരമാണ് പന്ത്.
ഫിറ്റ്‌നസിന്റെ മിക്കപരിശോധനകളും പൂർത്തിയാക്കിയ ഋഷഭിനെ ദേശീയ ക്രിക്കറ്റ് അക്കാദമി മാർച്ച് അഞ്ചിന് മത്സരത്തിന് സജ്ജനായി പ്രഖ്യാപിക്കുമെന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ അടുത്ത ഐപിഎല്ലിന് പന്ത് ,ടീമിന്റെ ഭാഗമാകും.
2022 ഡിസംബർ 30നുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ താരം ദീർഘകാലം ചികിത്സയിലായിരുന്നു.
‘‘അദ്ദേഹം കളിക്കാൻ സജ്ജനാണെന്ന് മാർച്ച് അഞ്ചിന് പ്രഖ്യാപനമുണ്ടാകും. ഋഷഭിന് വലിയ ഭാവിയുണ്ട്. എത്രയുംപെട്ടെന്ന് കളിയിലേക്ക് തിരിച്ചെത്തുകയാണ് പ്രധാനം. ക്യാപ്റ്റൻസിയെക്കുറിച്ച് പിന്നീടേ ആലോചിക്കൂ. മറ്റുകാര്യങ്ങൾ മത്സരം തുടങ്ങിയശേഷം തീരുമാനിക്കും.’’ -ഇങ്ങനെയായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.
അതേസമയം പന്തിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ച ഗാവസ്‌കര്‍, താന്‍ സ്ഫോടനാത്മക ബാറ്ററിന്റെ വലിയ ആരാധകനാണെന്ന് വ്യക്തമാക്കിയിരുന്നു.
'ഞാനും അദ്ദേഹത്തിന്റ ഒരു വലിയ ആരാധകനാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം, പന്ത് പഴയതുപോലെ ആരോഗ്യവാനായിരിക്കണം എന്നാണ്. അദ്ദേഹത്തിന് ഇത് വളരെ ബുദ്ധിമുട്ടായിരിക്കും, ആ ബാറ്റിങ് മികവ് വീണ്ടെടുക്കാന്‍ ചിലപ്പോള്‍ കുറച്ച് സമയമെടുക്കും. പക്ഷേ അദ്ദേഹം പരിശീലനം ആരംഭിച്ചത് നന്നായി'- ഇങ്ങനെയായിരുന്നു ഗവാസ്കറിന്റെ വാക്കുകള്‍.