ഉയരുന്ന കോവിഡ് കേസുകൾ: ഐ.പി.എൽ വീണ്ടും അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റുമോ?
നീണ്ട ഇടവേളക്ക് ശേഷം ഹോം, എവെ മത്സരങ്ങൾ കൂടി തിരിച്ചെത്തുന്നു എന്നതുൾപ്പെടെ ഒത്തിരി പ്രത്യേകതകൾ പുതിയ ഐപിഎല്ലിനുണ്ട്.
മുംബൈ: വൻ ആവേശത്തോടെയാണ് പതിനാറാം സീസൺ ഐ.പി.എല്ലിനെ സ്വീകരിക്കാൻ കാണികൾ തയ്യാറെടുക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഹോം, എവെ മത്സരങ്ങൾ കൂടി തിരിച്ചെത്തുന്നു എന്നതുൾപ്പെടെ ഒത്തിരി പ്രത്യേകതകൾ പുതിയ ഐപിഎല്ലിനുണ്ട്. എന്നാൽ അടുത്തിടെ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഓരോ ദിനവും കേസുകൾ ഉയരുന്നത് ഐപിഎൽ നടത്തിപ്പിനെയും ബാധിക്കുമോ എന്ന ആശങ്ക കാണികൾക്ക് ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബി.സി.സി.ഐ അധികൃതർ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നം ആരോഗ്യപ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് ബി.സി.സി.ഐ അധികൃതർ വ്യക്തമാക്കുന്നത്.
' ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളും നിശ്ചയിച്ചിട്ടുള്ള പ്രോട്ടോകോളുകള്‍ ഞങ്ങൾ പിന്തുടരും. ആളുകൾ പാലിക്കുന്നില്ലെങ്കിലും രാജ്യത്ത് ഇപ്പോഴും മാസ്ക് നിർബന്ധമാണ്. എന്നാലും കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, ഫ്രാഞ്ചൈസി സ്റ്റാഫ്, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരോടെല്ലം ആരോഗ്യ സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്'-മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇൻസൈഡ് സ്‌പോർട്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കോവിഡ്-19 പോസിറ്റീവായ കളിക്കാർ ഏഴ് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യേണ്ടിവരും. ഐസൊലേഷനിൽ നിന്ന് പുറത്തുകടക്കാൻ അവർ അഞ്ചാം ദിവസം ആർടി-പിസിആറിന് വിധേയമാകണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും താരങ്ങളുടെ കുടുംബാംഗങ്ങൾ ജാഗ്രത പാലിക്കണമെന്നും ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. 'പരിഭ്രാന്തരാകാണ്ട ആവശ്യമില്ല. എല്ലാവരും വാക്സിനേഷൻ എടുത്തിട്ടുണ്ട്, ബൂസ്റ്റര്‍ഡോസുകളും സ്വീകരിച്ചു. എന്നാൽ മുൻകരുതൽ എന്ന നിലയിൽ കളിക്കാർ മാസ്കുകൾ ധരിക്കേണ്ടിവരും. ഇടപെടലുകളും പരിമിതപ്പെടുത്തും'- ബി.സി.സി.ഐ അംഗം പറഞ്ഞു. അതേസമയം ഐ.സി.സി കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റിയെങ്കിലും ബി.സി.സി.ഐ ഇതുവരെ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല.