'കോഹ്‌ലിയും ഉണ്ട്': മോശം ഫോമിലും ചേർത്ത്പിടിച്ച് രോഹിത് ശർമ്മ

കോഹ്‌ലിയെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധതികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് രോഹിത് ശർമ വ്യക്തമാക്കി

Update: 2022-07-12 01:53 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: കരിയറിൽ മോശം ഫോമിനെ തുടർന്ന് വലയുന്ന വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. കോഹ്‌ലിയെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധതികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് രോഹിത് ശർമ വ്യക്തമാക്കി. എല്ലാ താരങ്ങളുടെ കരിയറിലും ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാവും. ഒരുപാട് വര്‍ഷം ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം ഒന്നോ രണ്ടോ മോശം പരമ്പരകൊണ്ട് ഇല്ലതായി തീരില്ല എന്നും രോഹിത് കൂട്ടിചേർത്തു. 

മോശം പ്രകടനമാണ് കോഹ്‌ലി അടുത്തകാലത്ത് പുറത്തെടുക്കുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവ്, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം കോഹ്‌ലിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിവുള്ള നിരവധി പേര്‍ പുറത്തുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നുമാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. അവസാന ടി20 11 റണ്‍സ് മാത്രമാണ് കോഹ്‌ലി നേടിയത്. ഡേവിഡ് വില്ലിക്കെതിരെ മനോഹരമായി ഫോറും സിക്‌സും നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. തൊട്ടുമുമ്പുള്ള ടി20യില്‍ ഒരു റണ്‍ മാത്രമാണ് കോഹ്‌ലിക്ക് നേടാനായിരുന്നത്. 

രണ്ടര വർഷത്തോളമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറിപോലും നേടാൻ സാധിക്കാതിരുന്ന കോഹ്‌ലിയുടെ സമീപകാലത്തെ ഫോം പരിതാപകരമാണ്. "ഒരു താരത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്ന വിദഗ്ധര്‍ ആരാണെന്ന് എനിക്കറിയില്ല. ഒരാളുടെ കളിമികവ് കണ്ടാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഒരാളെ ഒന്നൊ രണ്ടോ വര്‍ഷത്തെ കാര്യം കൊണ്ട് അളക്കാന്‍ കഴിയില്ല," രോഹിത് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യ- ഇംഗ്ലണ്ട് എകദിന പരമ്പര ഇന്ന് തുടങ്ങും. ടി20 വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ. വൈകീട്ട് 5 മണിക്ക് ഓവലിലാണ് മത്സരം തുടങ്ങുക. ടി20ക്ക് ശേഷം എകദിനത്തിലും പരമ്പര നേട്ടം സ്വന്തമാക്കുകയാണ് ഇന്ത്യൻ നിരയുടെ ലക്ഷ്യം. പരിക്കു മൂലം കോഹ്‌ലി ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News