"പല അതികായരും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്, ഞാനീ ടീമിനെ ഒരുപാടിഷ്ടപ്പെടുന്നു"-രോഹിത് ശര്‍മ
ലക്‌നൗവിനെതിരായ പരാജയത്തിന് ശേഷം ടീമിന്‍റെ ദയനീയ പ്രകടനങ്ങളെക്കുറിച്ച് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ
മുംബൈ : ഐ.പി.എല്ലിലെ തുടർച്ചയായ എട്ട് മത്സരങ്ങളിൽ ദയനീയ പരാജയമേറ്റു വാങ്ങിയ ശേഷം പോയിന്‍റ് ടേബിളിൽ ഒരു പോയിന്‍റ് പോലും ചേർക്കാനാവാതെ അവസാന സ്ഥാനത്താണിപ്പോൾ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ടീം ഏറെക്കുറെ ഇക്കുറി സെമി കാണാതെ പുറത്താകുമെന്നുറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലക്‌നൗവിനെതിരായ പരാജയത്തിന് ശേഷം ടീമിന്‍റെ ദയനീയ പ്രകടനങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണിപ്പോൾ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. കായികലോകത്തെ പല അതികായന്മാരും ഇതുപോലുള്ള സന്ദർഭങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും താൻ ഈ ടീമിനെ ഒരു പാട് സ്‌നേഹഹിക്കുന്നുണ്ടെന്നും രോഹിത് ട്വിറ്ററിൽ കുറിച്ചു.
"ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇക്കുറി സംഭവിച്ചത്. കായിക ലോകത്തെ ഒരുപാട് അതികായന്മാർക്ക് ഇതു പോലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഞാൻ ഇപ്പോഴും ഈ ടീമിനെയും ഇത് സൃഷ്ടിക്കുന്ന അന്തരീക്ഷത്തേയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഒപ്പം ഈ ടീമിലെ അതിന്‍റെ വീഴ്ചകളിലും കൈവിടാതെ പിന്തുണക്കുന്ന മുഴുവൻ ആരാധകരേയും അഭിനന്ദിക്കുന്നു"- രോഹിത് കുറിച്ചു.
അഞ്ച് തവണ ഐ.പി.എൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസിന് എന്താണ് പറ്റിയത് എന്നറിയാതെ തലയിൽ കൈവക്കുകയാണിപ്പോള്‍ ആരാധകർ. പൊന്നും വില കൊടുത്ത് ടീമിലെത്തിച്ച ഇഷാൻ കിഷനടക്കം പല മുൻ നിര താരങ്ങൾക്കും ഫോം കണ്ടെത്താനാവാത്തത് ടീമിന്റെ പരാജയങ്ങളുടെ പ്രധാന കാരണമാണ്. ക്യാപ്റ്റൻ രോഹിത് ശർമ എട്ട് മത്സരങ്ങളിൽ നിന്ന് ഇതുവരെ ആകെ നേടിയത് 153 റൺസാണ്.
summary : Many sporting giants have gone through this phase, says Rohit Sharma after poor run at IPL 2022