'കോഹ്‌ലിയുടെ നായക ശൈലി, വലിയ മാറ്റമൊന്നും രോഹിത് ശർമ്മക്കില്ല': ഗൗതം ഗംഭീർ
കോഹ്‌ലിക്കും രോഹിത് ശർമ്മയ്‌ക്കുമിടയിൽ ആരാണ് മികച്ച നായകന്‍ എന്ന ചോദ്യത്തിന് ഗംഭീര്‍ ഉത്തരം പറഞ്ഞില്ല
മുംബൈ: മുൻനായകൻ വിരാട് കോഹ്‌ലിയുടെ നായകശൈലിയിൽ നിന്ന് പ്രകടമായ മാറ്റമൊന്നും ഇപ്പോഴത്തെ നായകൻ രോഹിത് ശർമ്മക്കില്ലെന്ന് ഗൗതം ഗംഭീർ. കോഹ്‌ലി എന്താണോ ചെയ്തത്, അക്കാര്യം അതേപോലെ രോഹിത് പകർത്തുകയാണൈന്നും പ്രത്യേകതമായ മാറ്റമൊന്നുമില്ലെന്നും ഗംഭീർ പറഞ്ഞു.
"സത്യസന്ധമായി പറഞ്ഞാൽ, രോഹിത് ശർമ്മ ഒരു മികച്ച നായകനാണെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, എന്നാൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും നായക മികവില്‍ വലിയ വ്യത്യാസമില്ല, പ്രത്യേകിച്ച് ടെസ്റ്റ് ഫോർമാറ്റിൽ. വിരാട് കോഹ്‌ലിയാണ് ഈ മാതൃക തുടങ്ങിയത്-ഗംഭീർ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലെ ക്രിക്കറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിരാട് കോഹ്‌ലി ഈ ടെസ്റ്റ് ടീമിനെ നയിച്ചപ്പോഴെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്, ആ മാതൃകയാണ് രോഹിത് പിന്തുടരുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ രോഹിത് സ്വന്തമായി ഒരു മാതൃക സൃഷ്ടിച്ചിട്ടില്ല. അശ്വിനേയും ജഡേജയേയും വിരാട് കോഹ്‌ലി കൈകാര്യം ചെയ്ത രീതിയില്‍ തന്നെയാണ് രോഹിതും ഉപയോഗിക്കുന്നത്'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോഹ്‌ലിക്കും ശർമ്മയ്‌ക്കുമിടയിൽ ആരാണ് മികച്ച ക്യാപ്റ്റൻ എന്ന ചോദ്യത്തിന് ഗംഭീര്‍ ഉത്തരം പറഞ്ഞില്ല. ആസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും അവരുടെ വീട്ടിൽ തോൽപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ രാേഹിത് ശർമ്മയുടെ യഥാർത്ഥ വെല്ലുവിളിയെന്നും ഗംഭീര്‍ വ്യക്തമാക്കി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, ജഡേജ, അക്സർ പട്ടേൽ തുടങ്ങി നിരവധി ഇന്ത്യൻ താരങ്ങളുടെ കരിയറില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കോഹ്ലിക്കായെന്നും ഗംഭീര്‍ പറഞ്ഞു.
ആസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിലും രവീന്ദ്ര ജഡേജയെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. നാഗ്പൂർ ടെസ്റ്റില്‍ ഏഴ് വിക്കറ്റുകളും സുപ്രധാനമായ 70 റൺസും നേടിയിരുന്നു. ഡല്‍ഹി ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി 10 വിക്കറ്റുകൾ നേടിയ ജഡേജ മൂന്നാം ടെസ്റ്റിനൊരുങ്ങുകയാണ്. ഇന്ദോറിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.